ചെന്നൈ: ചെന്നൈ ഗിണ്ടിയിലെ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപമുണ്ടായ വാഹനാപകടത്തിൽ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് പരിക്ക്. അമീൻ സഞ്ചരിച്ച പോർഷെ കാറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം കോയമ്പേട്ടിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ചിരുന്ന പോർഷെ കാറിലേക്ക് വാഗൺ ആർ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ അമീനെയും സുഹൃത്തിനെയും സമീപത്തെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗൺ ആർ കാറിലുണ്ടായിരുന്നയാളെ കലൈഞ്ജർ സെന്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂവർക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമീനും സുഹൃത്തും വാഗൺ ആർ കാറിലുണ്ടായിരുന്നയാളും ആശുപത്രി വിട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.