തിരുവനന്തപുരം: കർക്കടകവാവ് ദിവസമായ ബുധനാഴ്ച ജില്ലയിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് വിപുലമായ ഗതാഗതസംവിധാനങ്ങളുമായി കെ.എസ്.ആർ.ടി.സി. ശംഖുമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നിവയുൾപ്പെടെ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ സ്പെഷൽ സർവീസുകൾ നടത്തും.
ബുധനാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവീസുകൾ ആരംഭിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ യൂണിറ്റ് ഓഫീസർമാർ, ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
കർക്കടകവാവിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ബസുകളാണ് ഇത്തവണ പൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 62 ബസുകൾ അധിക സർവീസുകൾക്കായി പൂൾ ചെയ്തിരുന്നെങ്കിൽ, ഈ വർഷം ഏകദേശം 100 ബസുകൾ അധികമായി പൂൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പ്രത്യേക സർവീസുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ ഏകദേശം 68 ബസുകളാണ് സ്പെഷൽ സർവീസുകൾക്കായി മാറ്റിവച്ചിരിക്കുന്നത്.
പ്രധാന സർവീസുകൾ:
ആറ്റിങ്ങൽ യൂണിറ്റിന് കീഴിലെ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽ നിന്ന് 10 ബസുകളും കണിയാപുരം യൂണിറ്റിന് കീഴിലെ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്ന് നാല് ബസുകളും സ്പെഷൽ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിലെ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശ്ശാല ഡിപ്പോകളിൽ നിന്ന് 10 ബസുകളും പാപ്പനംകോട് യൂണിറ്റിന് കീഴിലെ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽ നിന്ന് രണ്ട് ബസുകളും സർവീസ് നടത്തും.
ഇതിന് പുറമെ ആറ്റിങ്ങൽ, കണിയാപുരം, തിരുവനന്തപുരം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്ന് ഏകദേശം 30 ഓർഡിനറി ബസുകളും സർവീസ് നടത്തും.
ബലിതർപ്പണ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ:
തിരുവല്ലം: തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ ഡിപ്പോകളിൽ നിന്ന്.
ശംഖുമുഖം: പാപ്പനംകോട്, പേരൂർക്കട, പൂവാർ, വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്ന്.
വേളി: വികാസ് ഭവൻ, കണിയാപുരം ഡിപ്പോകളിൽ നിന്ന്.
കഠിനംകുളം: കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന്.
അരുവിക്കര: നെടുമങ്ങാട്, വെള്ളനാട്, പേരൂർക്കട ഡിപ്പോകളിൽ നിന്ന്.
അരുവിപ്പുറം: നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട ഡിപ്പോകളിൽ നിന്ന്.
മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം: കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്ന്.
വർക്കല: ആറ്റിങ്ങൽ, വെഞ്ഞാറമൂട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളിൽ നിന്ന്.
കർക്കടകവാവ് ദിനത്തിലെ തിരക്ക് കണക്കിലെടുത്താണ് കൂടുതൽ ബസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും യാത്രക്കാരുടെ സൗകര്യത്തിനായി ആവശ്യാനുസരണം സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.