അഭിമന്യു കൊലക്കേസ്: പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല; വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് ഉത്തരവ്

അഭിമന്യു കൊലക്കേസ്: പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല; വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് ഉത്തരവ്

എറണാകുളം: മഹാരാജാസ് കോളജ് എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിലെ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയിൽ എത്താതിരുന്നത്. എന്നാൽ പ്രതികളുടെ വാദത്തെ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും എതിർത്തു.

മാധ്യമങ്ങളെ ഭയന്ന് ഇപ്പോൾ കോടതിയിൽ ഹാജരാകാതിരിക്കുന്ന പ്രതികൾ, വിചാരണ വേളയിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യമുണ്ടായാൽ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. ഐപിസി 323-ാം വകുപ്പ് കൂടി ചേർത്തതിന്റെ ഭാഗമായാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 16 പ്രതികളോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചത്.

കഴിഞ്ഞ ആഴ്ചയും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികൾ എത്തിയിരുന്നില്ല. തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നും പ്രതികൾ ഹാജരാകാതിരുന്നതോടെ, വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നിർബന്ധമായും കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകി.
എട്ട് വർഷത്തിനിടെ പ്രതികൾ ഒരിക്കൽ മാത്രമാണ് കോടതിയിൽ ഹാജരായതെന്ന് അഭിമന്യുവിന്റെ കുടുംബം ആരോപിച്ചു.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ആകെ 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന 16 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.