കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് ₹60 കുറഞ്ഞ് ₹13,155 ആയി. പവന് ₹480 ഇടിഞ്ഞതോടെ വില ₹1,05,240 ആയി. ഇന്നലെയും ഇന്നുമായി ചേർത്ത് നോക്കുമ്പോൾ പവന് ₹1,520-ഉം ഗ്രാമിന് ₹190-ഉം കുറഞ്ഞിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,100 ഡോളറിൽ നിന്ന് 4,030 ഡോളറിലേക്ക് താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ പ്രധാന കാരണം.

സ്വർണവിലയുടെ തുടർദിശ നിർണയിക്കുന്നതിൽ ഇന്ന് നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് നിർണായക പ്രാധാന്യമുണ്ട്. പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് വിപണിയുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ ഡോളറിനും ട്രഷറി യീൽഡിനും സമ്മർദമുണ്ടാകുകയും സ്വർണവിലയ്ക്ക് പിന്തുണ ലഭിക്കാനുമാണ് സാധ്യത.

അതേസമയം, പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നതും എണ്ണവില ഉയരുന്നതും സ്വർണവിപണിയെ ബാധിക്കാമെന്നാണ് വിലയിരുത്തൽ. എണ്ണവില ഉയർന്നാൽ ഡോളർ ശക്തിപ്പെടാനും പണപ്പെരുപ്പ ആശങ്ക വർധിക്കാനും സാധ്യതയുണ്ട്. ഇത് ഭാവിയിൽ പലിശനിരക്ക് ഉയരാനുള്ള സാധ്യത കൂട്ടുകയും സ്വർണവിലയ്ക്ക് സമ്മർദമാകുകയും ചെയ്യാം.