ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതി കൂടുതൽ രൂക്ഷമാകുന്നു. പ്രളയവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി.
സോണിത്പുർ ജില്ലയിൽ തിങ്കളാഴ്ച രാത്രി കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. സംസ്ഥാനത്ത് പ്രളയം മൂലം 37,000ത്തിലധികം പേർ ദുരിതത്തിലാണെന്നാണ് അധികൃതരുടെ കണക്ക്. അരുണാചൽ പ്രദേശത്ത് മഴ ശക്തമായാൽ സ്ഥിതി കൂടുതൽ വഷളാകാനിടയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് ലഖിംപൂർ ജില്ലയിലാണ്. ഇവിടെ മാത്രം 35,000ത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സോണിത്പുർ ജില്ലയിൽ നിന്ന് 16 പേരെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
സോണിത്പുർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളിലാണ് പ്രളയം വ്യാപകമായി ബാധിച്ചിരിക്കുന്നത്. 12 റവന്യൂ സർക്കിളുകളിലായി 99 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും തുടരുകയാണ്.