അടൂർ: പത്തനംതിട്ട കൂടലിൽ 13-കാരിയുടെ വ്യാജ പീഡനപരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാരോപിച്ച് യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. കൂടൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് യുവാവിന്റെ തീരുമാനം.
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും താൻ ആരോഗ്യപ്രശ്നങ്ങളുള്ള ആളാണെന്ന് അറിയിച്ചിട്ടും പൊലീസ് മർദനം തുടർന്നുവെന്നാണ് യുവാവിന്റെ ആരോപണം. ചൂരൽ കൊണ്ട് കാൽപാദത്തിൽ അടിക്കുകയും ബൂട്ട് ഉപയോഗിച്ച് കാലിൽ ചവിട്ടുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മർദനത്തെ തുടർന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും, തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ പിന്നീട് മാത്രമാണ് അറിയാൻ കഴിഞ്ഞതെന്നും ഇരുപതുകാരനായ യുവാവ് പ്രതികരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.