തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാൻ എം.വി. ഗോവിന്ദൻ അർഹനല്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി. സുധാകരൻ. അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുകയോ അല്ലെങ്കിൽ പാർട്ടി നേതൃത്വം പുറത്താക്കുകയോ ചെയ്യണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
പാർട്ടിയെ ആത്മാർഥമായി സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരും അനുഭാവികളും ഇപ്പോഴും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം പാർട്ടിക്കെതിരെയാണ് എം.വി. ഗോവിന്ദൻ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. നേതൃസ്ഥാനത്തിരുന്നുകൊണ്ട് പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.
എം.വി. ജയരാജന്റെ പ്രസ്താവനയിൽ തന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും മറ്റ് രണ്ട് പേരെയാണ് അദ്ദേഹം വിമർശിച്ചതെന്നും സുധാകരൻ പറഞ്ഞു. തെറ്റ് സംഭവിച്ചാൽ അത് ആരായാലും തിരുത്തണമെന്നും, തെറ്റുകൾ തിരുത്താൻ തയ്യാറാകാത്തവർ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.വി. ഗോവിന്ദൻ രാഷ്ട്രീയ പക്വത കാണിക്കണമെന്നും ‘വർഗവഞ്ചകൻ’ എന്ന പദത്തിന്റെ അർഥം പോലും അദ്ദേഹത്തിന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹത്തെ സൈദ്ധാന്തികനായി വിശേഷിപ്പിക്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നതിന്റെ പേരിൽ തന്നെ വർഗവഞ്ചകനെന്ന് വിളിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ എം.വി. ഗോവിന്ദന് നാണമില്ലേയെന്നും ചോദിച്ച അദ്ദേഹം, നാണമുണ്ടെങ്കിൽ രാജിവെച്ച് ഒഴിയണമെന്നും ആവശ്യപ്പെട്ടു. സ്വയം തിരുത്താൻ കഴിയാത്ത ഒരാൾക്ക് മറ്റുള്ളവരെ തിരുത്താൻ കഴിയില്ലെന്നും ജി. സുധാകരൻ വിമർശിച്ചു.