ഹരിയാനയിലെ മാരുതി സുസൂക്കി വാഹനനിർമ്മാണ പ്ലാന്റ്; നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനായെ ടകൈച്ചിയും ചേർന്ന് ഉദ്ഘാടനം ചെയ്യും

ഹരിയാനയിലെ മാരുതി സുസൂക്കി വാഹനനിർമ്മാണ പ്ലാന്റ്; നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനായെ ടകൈച്ചിയും ചേർന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ഹരിയാനയിലെ ഖര്‍ഖോദയില്‍ നിര്‍മിച്ച മാരുതി സുസുക്കിയുടെ പുതിയ വാഹന നിര്‍മാണ പ്ലാന്റ് ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനായെ ടകൈച്ചിയും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഏകദേശം 35,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് ഈ അത്യാധുനിക നിര്‍മാണശാല ഒരുക്കിയിരിക്കുന്നത്.

പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്രതിവര്‍ഷം ഏകദേശം പത്ത് ലക്ഷം വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കാനാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. കൂടാതെ, പ്ലാന്റിലൂടെ ഏകദേശം 21,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി സനായെ ടകൈച്ചിയെ ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ സ്വീകരിച്ചു.

വ്യാഴാഴ്ച ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടകൈച്ചി ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സാങ്കേതികവിദ്യ, ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയിലെ പ്രധാന അജണ്ട.

ചര്‍ച്ചകള്‍ക്കുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ ധാരണാപത്രങ്ങള്‍ കൈമാറുകയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്യും. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ-ജപ്പാന്‍ ബിസിനസ് ഫോറത്തിലും ജപ്പാന്‍ പ്രധാനമന്ത്രി പങ്കെടുക്കും.സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാവിലെ ജപ്പാന്‍ പ്രധാനമന്ത്രി ടോക്കിയോയിലേക്ക് മടങ്ങും.