കടയ്ക്കാവൂരിൽ ഷവർമ കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണശാല പൂട്ടിച്ചു

കടയ്ക്കാവൂരിൽ ഷവർമ കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണശാല പൂട്ടിച്ചു

തിരുവനന്തപുരം : കടയ്ക്കാവൂരിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമയും ഷവായും ഉൾപ്പെട്ട കോംബോ ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം.

കോംബോ ഓഫർ സംബന്ധിച്ച പരസ്യം കണ്ടാണ് നിരവധി പേർ ഭക്ഷണം വാങ്ങിയതെന്ന് പ്രദേശവാസികൾ അറിയിച്ചു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ ബന്ധുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഭക്ഷണശാല താൽക്കാലികമായി അടച്ചുപൂട്ടി. പരിശോധനയിൽ ആവശ്യമായ അനുമതികൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന കാര്യം കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ സാഹചര്യം കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണ്.കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണു കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ 2 സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.