ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. സർക്കാരിനെ താഴെയിറക്കുന്നതിനായി ടിവികെയിലെ 15 എംഎൽഎമാരെ രാജിവെപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മറ്റ് രണ്ട് പേരെയും കരൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ വ്യക്തിക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യ അറസ്റ്റ് ചെന്നൈയിലായിരുന്നു. ശേഷമുള്ള രണ്ട് അറസ്റ്റുകൾ കരൂരിൽ നിന്നാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ഉത്തംഗരൈ മണ്ഡലത്തിലെ ടിവികെ എം.എൽ.എ എൻ. ഇളയരാജ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ഒരാൾ, തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി 35 കോടി രൂപ വാഗ്ദാനം ചെയ്തതായി എംഎൽഎ പരാതിയിൽ ആരോപിക്കുന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.