തിരുവനന്തപുരം: മുൻ രാജ്യാന്തര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പിൻവലിച്ചു. അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ താരം ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. 2026 ജൂലൈ 1-ന് ചേർന്ന കെസിഎ സ്പെഷൽ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് നീക്കാൻ ഐകകണ്ഠ്യേന തീരുമാനമായത്.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ശ്രീശാന്ത് കെസിഎയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മേയിലാണ് അസോസിയേഷൻ താരത്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തിയത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെടുകയായിരുന്നു.
തുടർന്നാണ് അസോസിയേഷനെതിരായ പരാമർശങ്ങളിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചത്. ഇത് വിശദമായി ചർച്ച ചെയ്ത കെസിഎ ജനറൽ ബോഡി യോഗം വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അസോസിയേഷൻ താരത്തിന് നൽകിയിട്ടുണ്ട്.