അയോധ്യയിൽ ഇനി ‘ഇ.ഡി’ വേട്ട: കോടികളുടെ കാണിക്കക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികളുടെ ആഡംബര ജീവിതം കണ്ട് ഞെട്ടി അന്വേഷണസംഘം

അയോധ്യയിൽ ഇനി ‘ഇ.ഡി’ വേട്ട: കോടികളുടെ കാണിക്കക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികളുടെ ആഡംബര ജീവിതം കണ്ട് ഞെട്ടി അന്വേഷണസംഘം

അയോധ്യ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരെ പിടിച്ചുലച്ച അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള കേസ് പുതിയ തിരിവിലേക്ക്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്ക് പിന്നാലെ, കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തിറങ്ങുന്നതായി സൂചന. ഒപ്പം, അറസ്റ്റിലായ പ്രതികളുടെ ആഡംബര ജീവിതത്തെക്കുറിച്ചും, ഔദ്യോഗികമായി കേസെടുക്കുന്നതിന് മുൻപ് തന്നെ ലക്ഷക്കണക്കിന് രൂപ തിരിച്ചുവാങ്ങി സംഭവം ഒതുക്കിത്തീർക്കാൻ ട്രസ്റ്റ് ഭാരവാഹികൾ ശ്രമിച്ചുവെന്ന പുതിയ വെളിപ്പെടുത്തലുകളും കേസിനെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

സി.സി ടിവി മറച്ച് ശൗചാലയങ്ങളിൽ ഒളിപ്പിച്ചു ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കരാർ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞ 39 ദിവസത്തിനിടയിൽ മാത്രം 70 തവണകളായി വൻ തുക സമാന്തരമായി കടത്തിയെന്നാണ് SIT കണ്ടെത്തിയിരിക്കുന്നത്.‌

റെയ്ഡുകളിൽ തട്ടിപ്പിലൂടെ കൈക്കലാക്കിയ 79.85 ലക്ഷം രൂപ അന്വേഷണസംഘം ഇതുവരെ നേരിട്ട് കണ്ടുകെട്ടിയിട്ടുണ്ട്. പണം എണ്ണുന്ന മുറിയിലെ സി.സി ടിവി ക്യാമറകൾ വസ്തുക്കൾ ഉപയോഗിച്ച് മറച്ചുവെച്ചും, സൂപ്പർവൈസർമാരുടെ കണ്ണ് വെട്ടിച്ച് പണം തുണിയിൽ പൊതിഞ്ഞ് ക്ഷേത്ര സമുച്ചയത്തിലെ ശൗചാലയങ്ങളിൽ ഒളിപ്പിച്ചുവെച്ചുമാണ് പ്രതികൾ കടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ രേഖകൾ പരിശോധിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കോടികൾ കടക്കുമെന്നാണ് റിപ്പോർട്ട്.

പ്രതികളുടെ ആഡംബര ജീവിതം

കേസിൽ രാമശങ്കർ യാദവ്, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല തുടങ്ങി തട്ടിപ്പിന് നേതൃത്വം നൽകിയ എട്ട് പ്രതികളെയും യുപി പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ശമ്പളം മാത്രം വാങ്ങിയിരുന്ന ഈ താൽക്കാലിക ജീവനക്കാർ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ലക്ഷങ്ങൾ വിലവരുന്ന ആഡംബര വാഹനങ്ങൾ വാങ്ങിയതായും വലിയ തുകകൾ ചെലവഴിച്ച് മതപരമായ ആർഭാട ചടങ്ങുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അറസ്റ്റിലായ രാമശങ്കർ യാദവ് (തിന്നു യാദവ്) ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവർ ആയിരുന്നു. നിയമങ്ങൾ ലംഘിച്ച് കാണിക്കവഞ്ചികളുടെ താക്കോലുകൾ ഇയാൾക്ക് ലഭിച്ചതാണ് തട്ടിപ്പ് എളുപ്പമാക്കിയത്.

ഇഡിയുടെ വരവും കള്ളപ്പണം വെളുപ്പിക്കൽ കേസും

ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഭക്തരുടെ പണം വകമാറ്റി പ്രതികൾ സ്വന്തം പേരിൽ സ്വത്തുക്കളും വാഹനങ്ങളും വാങ്ങിക്കൂട്ടിയ സാഹചര്യത്തിലാണ് ഇ.ഡി രംഗത്തെത്തുന്നത്. ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെയും അവർക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും മുഴുവൻ അനധികൃത സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും കണ്ടുകെട്ടാനുമുള്ള നടപടികൾ ആരംഭിക്കും. ഇത് കേസിന് വലിയൊരു ദേശീയ പ്രാധാന്യമാണ് നൽകുന്നത്.

കേസ് ഒതുക്കാൻ ശ്രമം നടന്നോ?

അതിനിടെ, പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും ആഴ്ചകൾക്ക് മുൻപ് തന്നെ ട്രസ്റ്റ് ഭാരവാഹികൾ പ്രതിയായ അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്ന് 58 ലക്ഷത്തോളം രൂപ രഹസ്യമായി വാങ്ങിയിരുന്നു എന്ന വിവരം പുറത്തുവന്നു. ബാക്കി തുക ബാങ്ക് ട്രാൻസ്ഫർ വഴിയും പ്രതികൾ തിരിച്ചടച്ചിരുന്നു. കേസ് പുറംലോകം അറിയുന്നതിന് മുൻപ് തന്നെ വിവാദം ഒതുക്കിത്തീർക്കാൻ ട്രസ്റ്റ് അധികൃതർ ശ്രമിച്ചിരുന്നോ എന്ന സംശയം ഇതോടെ ശക്തമായിട്ടുണ്ട്.

“മഹാപാപം” എന്ന് പ്രതിപക്ഷം

രാമക്ഷേത്രത്തിലെ അഴിമതി പുറത്തുവന്നതോടെ ഭരണകക്ഷിയായ ബിജെപിക്കെതിരെ കടുത്ത രാഷ്ട്രീയ ആയുധവുമായാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തുള്ളത്. ഇത് വെറുമൊരു മോഷണമല്ല, കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്മേൽ നടത്തിയ “മഹാപാപം” ആണെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പണം എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി ട്രസ്റ്റിലെ വലിയ സ്രാവുകളെ രക്ഷിക്കാനാണ് പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും, യഥാർത്ഥ സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരാൻ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണമോ സിഎജി (CAG) ഓഡിറ്റോ വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ കടുത്ത ആവശ്യം.

അഴിച്ചുപണികളോടെ രാമക്ഷേത്ര ട്രസ്റ്റ്

വിവാദങ്ങൾക്ക് പിന്നാലെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കർശനമായ ഇടപെടലുകളെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും പ്രധാന ഭാരവാഹികളും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു തൽസ്ഥാനങ്ങൾ രാജിവെച്ചിരുന്നു. ട്രസ്റ്റിന്റെ സുതാര്യത ഉറപ്പാക്കാൻ പുതിയ ജനറൽ സെക്രട്ടറിയെയും ഭരണസമിതിയെയും ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പണം എണ്ണുന്ന പ്രക്രിയയിൽ നിന്ന് പഴയ ജീവനക്കാരെ പൂർണ്ണമായി ഒഴിവാക്കി, എഐ ക്യാമറകളുടെ തത്സമയ നിരീക്ഷണത്തിലൂടെ മാത്രമായിരിക്കും ഇനിമുതൽ കാണിക്കകൾ കൈകാര്യം ചെയ്യുക.