പ്രോട്ടോക്കോൾ വീഴ്ച: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി; ഡൽഹി കേരള ഹൗസിൽ അടിയന്തര യോഗം, നടപടിയ്ക്ക് സാധ്യത

പ്രോട്ടോക്കോൾ വീഴ്ച: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി; ഡൽഹി കേരള ഹൗസിൽ അടിയന്തര യോഗം, നടപടിയ്ക്ക് സാധ്യത

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ ഗുരുതര വീഴ്ച ആരോപണം. ശനിയാഴ്ച ഉച്ചയ്ക്ക് 2:50-നുള്ള ഡൽഹി – കോഴിക്കോട് ഇൻഡിഗോ വിമാനമാണ് അദ്ദേഹത്തിന് നഷ്ടമായത്.

വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ പിണറായി വിജയൻ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും, പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മ കാരണം യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡൽഹി കേരള ഹൗസിൽ അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു.

ഡൽഹിയിൽ നടന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് പിണറായി വിജയൻ മടക്കയാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയത്. ടേർമിനൽ രണ്ടിലെ വി.ഐ.പി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് വിമാനത്തിൽ കയറാനുള്ള കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ ഉന്നത പദവികളിൽ ഉള്ളവർക്ക് വിമാനക്കമ്പനികൾ നേരിട്ടെത്തി ലോഞ്ചിൽ നിന്ന് വിമാനത്തിലേക്ക് അകമ്പടി നൽകുന്നതാണ് പതിവ്. എന്നാൽ സംസ്ഥാന ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിന് എയർലൈൻസിന്റെ ഭാഗത്തുനിന്ന് അത്തരം നേരിട്ടുള്ള സേവനങ്ങൾ ലഭ്യമാകില്ല. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസർമാർ മുൻകൈയെടുത്ത് അദ്ദേഹത്തെ കൃത്യസമയത്ത് ബോർഡിങ് ഗേറ്റിൽ എത്തിക്കേണ്ടതായിരുന്നു.

എന്നാൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗം പ്രതിപക്ഷ നേതാവിന്റെ യാത്രാ വിവരങ്ങൾ വിമാനക്കമ്പനിയെ മുൻകൂട്ടി അറിയിക്കുന്നതിലും, അദ്ദേഹത്തെ സമയത്തിന് ഗേറ്റിലെത്തിക്കുന്നതിലും പരാജയപ്പെട്ടു. അവസാന നിമിഷം ‘ലാസ്റ്റ് കോൾ’ വന്നപ്പോൾ മാത്രമാണ് അധികൃതർ വിവരമറിയുന്നത്. ഉടൻ തന്നെ ഗേറ്റിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബോർഡിങ് ഗേറ്റ് അടച്ചിരുന്നു.

കേരള ഹൗസിൽ അടിയന്തര യോഗം; കാരണം കാണിക്കൽ നോട്ടീസ്
സംഭവത്തിൽ വലിയ സുരക്ഷാ-ഭരണപരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്ന് വിലയിരുത്തിക്കൊണ്ട് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദ്ദേശപ്രകാരം ARC അശ്വതി ശ്രീനിവാസ് അടിയന്തര യോഗം വിളിച്ചു. കേരള ഹൗസ് കൺട്രോളർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

വീഴ്ച വരുത്തിയ പ്രോട്ടോക്കോൾ ഓഫീസർക്ക് അടിയന്തരമായി കാരണം കാണിക്കൽ നോട്ടീസ് (Show Cause Notice) നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്ക നടപടിയുണ്ടാകും.

അതേസമയം, സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഔദ്യോഗികമായി പരാതികളൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന. വിമാനം നഷ്ടപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന അദ്ദേഹം പിന്നീട് രാത്രി 7:15-നുള്ള വിമാനത്തിലാണ് കണ്ണൂരിലേക്ക് തിരിച്ചത്.