സമാധാനക്കരാർ കാറ്റിൽ പറത്തി പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം; ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യു.എസ്

സമാധാനക്കരാർ കാറ്റിൽ പറത്തി പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം; ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യു.എസ്

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാനക്കരാർ തകർന്നു. ഇരു രാജ്യങ്ങളും തമ്മിൽ കനത്ത സൈനിക സംഘർഷം ഉടലെടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലാണ്.തുടർച്ചയായ രണ്ടാം ദിവസവും ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചു. രാജ്യാന്തര കപ്പൽ പാതയായ ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യുഎസിന്റെ ഈ ശക്തമായ തിരിച്ചടി.

ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ സമാധാനക്കരാർ ഒപ്പുവെച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് യുദ്ധസമാനമായ സാഹചര്യം രൂപപ്പെട്ടത്.ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, സിംഗപ്പൂർ, പനാമ കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുമാണ് പ്രകോപനത്തിന് വഴിവെച്ചത്.

തെക്കൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ, മിസൈൽ സംഭരണശാലകൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആക്രമണം നടത്തിയത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്കിൽ സംഘർഷം കടുത്തതോടെ ആഗോള ഇന്ധന വിപണി വലിയ പ്രതിസന്ധി നേരിടുകയാണ്.ഇരു രാജ്യങ്ങളും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, മേഖലയിൽ നിന്നുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.