ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ നീക്കത്തിന് തിരിച്ചടി. സർക്കാർ രൂപവത്കരിക്കാനായി വിജയ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മറുപടി നൽകിയതായാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടി.വി.കെ അധ്യക്ഷനായ വിജയ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. കോൺഗ്രസ് ഒഴികെ മറ്റു പാർട്ടികൾ ആരൊക്കെയാണ് ടി.വി.കെക്ക് പിന്തുണ നൽകുകയെന്ന കാര്യം വ്യക്തമല്ലാത്തതിനെ തുടർന്നാണ് ഗവർണറുടെ മറുപടി. കോൺഗ്രസും ടി.വി.കെയും ചേർന്നാൽ 112 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടാകുക. അതിനാൽ 118 പേരുടെ പിന്തുണയുമായി മടങ്ങി വരാൻ ഗവർണർ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനും മറ്റ് പാർട്ടികളുടെ പിന്തുണ തേടുന്നതിനും വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് വിവരം. 118 അംഗങ്ങളുടെ കത്ത് നൽകിയാൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഗവർണർ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave feedback about this