ഡിജിറ്റല്‍ ബാങ്കിംഗ് ഇനി സാധാരണക്കാരിലേക്കും; റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് ബാങ്ക് ഓഫ് ബറോഡ ‘ബിഒബി വേൾഡ് ലൈറ്റ്’ അവതരിപ്പിച്ചു

ഡിജിറ്റല്‍ ബാങ്കിംഗ് ഇനി സാധാരണക്കാരിലേക്കും; റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് ബാങ്ക് ഓഫ് ബറോഡ ‘ബിഒബി വേൾഡ് ലൈറ്റ്’ അവതരിപ്പിച്ചു

ഫീച്ചർഫോണുകൾക്ക് വേണ്ടിയുള്ള ആദ്യ സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സേവനം

കൊച്ചി/മുംബൈ; രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഫീച്ചർഫോണുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യ സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സേവനമായ ‘ബിഒബി വേൾഡ് ലൈറ്റ് എന്ന മൊബൈല്‍ ബാങ്കിംഗ് ആപ്പ് ജിയോഫോണ്‍ പ്രൈമ 4ജി (JioPhone Prima 4G) ഡിവൈസുകളില്‍ ഇനി ലഭ്യമാകും.
സ്മാർട്ട്‌ഫോണുകളിൽ മാത്രം പ്രവർത്തിക്കുന്ന പരമ്പരാഗത മൊബൈൽ ബാങ്കിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, താങ്ങാനാവുന്ന വിലയിൽ ഫീച്ചർ ഫോണുകളിൽ ദൈനംദിന ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായാണ് ബിഒബി വേൾഡ് ലൈറ്റ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ അപ്രാപ്യമായവര്‍ക്കും ലളിതമായ ബാങ്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും വളരെ എളുപ്പത്തിലുള്ള ഒരു ഓൺ-ബോർഡിങ് രീതിയിലൂടെ ഈ ആപ്പ് ലഭ്യമാകും.

സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, കുറഞ്ഞ ഡാറ്റ ഉപയോഗത്തിലും കീപാഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുമാണ് ബിഒബി വേള്‍ഡ് ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ലളിതമായ ഓണ്‍ബോര്‍ഡിംഗാണ് മറ്റൊരു സവിശേഷത. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും ലളിതമായ നടപടികളിലൂടെ ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ ജിയോഫോണ്‍ െ്രെപമ 4ജി ഹാന്‍ഡ്‌സെറ്റുകളില്‍ ഈ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ‘ജിയോ സ്‌റ്റോറില്‍’ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം.

ആരംഭഘട്ടത്തില്‍ തന്നെ നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സങ്കീര്‍ണതകളൊന്നുമില്ലാതെ തന്നെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യമാണ് ഇതില്‍ പ്രധാനം. സുരക്ഷിതമായി പണം കൈമാറാമെന്നതും പ്രത്യേകതയാണ്. മൊബൈല്‍ റീചാര്‍ജ്, ബില്ലുകള്‍ അടയ്ക്കല്‍ എന്നിവയും സാധ്യമാണ്. ഭാവിയില്‍ കൂടുതൽ സൗകര്യങ്ങള്‍ ആപ്പില്‍ കൂട്ടിച്ചേര്‍ക്കും.

‘സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് ലഭ്യമാക്കുക എന്നത് ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ഗണനയാണ്. ജിയോയുമായുള്ള ഈ സഹകരണം ഡിജിറ്റല്‍ വിടവ് നികത്താന്‍ സഹായിക്കും,’ ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി. ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നത് ബാങ്ക് ഓഫ് ബറോഡയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍, ബിഒബി വേള്‍ഡ് (‘bob World’ ) മൊബൈല്‍ ബാങ്കിംഗ് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും, ‘bob World Business’ വ്യാപാരികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമാണ് സേവനം നല്‍കുന്നത്. ജിയോയുമായി കൈകോര്‍ത്ത് ‘bob World Lite’ അവതരിപ്പിക്കുന്നത്, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തിന് പുറത്തുള്ളവരിലേക്കും ഡിജിറ്റല്‍ ബാങ്കിംഗ് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഇന്ത്യയില്‍ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ലളിതവും സുരക്ഷിതവുമായ ബാങ്കിംഗ് സേവനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കും. ഇത് ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ ഞങ്ങളെ സഹായിക്കുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സുസ്ഥിരമായ വളര്‍ച്ചയെന്ന ഞങ്ങളുടെ ദൗത്യത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു, ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.

‘എല്ലാ ഇന്ത്യക്കാര്‍ക്കും മിതമായ നിരക്കില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡയുമായുള്ള ഈ പങ്കാളിത്തം ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ സഹായിക്കും,’ പുതിയ സഹകരണത്തെക്കുറിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോക്കോം പ്രസിഡന്റ് ഡോ. സുനില്‍ ദത്ത് പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് മിതമായ നിരക്കില്‍ ഡിജിറ്റല്‍ ഡിവൈസുകളും സേവനങ്ങളും എത്തിക്കുന്നതിലൂടെ ഡിജിറ്റല്‍ ജനാധിപത്യവല്‍ക്കരണത്തിനും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയ്ക്കും ജിയോഫോണ്‍ കരുത്തുറ്റ ഉപകരണമായി മാറിയിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചുവടുവെപ്പാണ് ബാങ്ക് ഓഫ് ബറോഡയുമായുള്ള ഈ പങ്കാളിത്തം. ഇതിലൂടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. രാജ്യത്തെ ജിയോഫോണ്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി, പൂര്‍ണ്ണമായ ബാങ്കിംഗ് സേവനങ്ങള്‍ ഏറ്റവും സുരക്ഷിതമായും ലളിതമായും ഞങ്ങള്‍ അവരുടെ കൈകളിലെത്തിക്കുകയാണ്, ഡോ. സുനില്‍ ദത്ത് കൂട്ടിച്ചേര്‍ത്തു.

ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞ ഇടങ്ങളിലും ബാങ്കിംഗ് വിപ്ലവം സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍