അമൃത്സർ: 40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്.
‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചത്. ’40 മണിക്കൂർ ശരിയായി ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കൈയിൽ വിലങ്ങുമായി ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിക്കുമായിരുന്നു. കഴിക്കാനായി കുറച്ച് മിനിറ്റുകൾ കൈ വിലങ്ങ് നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിച്ചെങ്കിലും അവർ കേട്ടില്ല. ഒരു ദയയുള്ള ക്രൂ അംഗം പഴങ്ങൾ വാഗ്ദാനം ചെയ്തു.
യാത്ര ശാരീരികമായി മാത്രമല്ല, മാനസികമായും ഞങ്ങളെ തളർത്തി…’ ഹർവീന്ദർ പറഞ്ഞതായി ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി നാലിന് ടെക്സസിലെ സാൻ അൻ്റോണിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട യുഎസ് സൈനിക വിമാനം സി-17 ഗ്ലോബ്മാസ്റ്റർ – ഇന്നലെ പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനായി നാല് പിറ്റ് സ്റ്റോപ്പുകളിലാണ് നിർത്തിയത്. 2024 ജൂണിലാണ് ഹർവീന്ദറും ഭാര്യ കുൽജീന്ദർ കൗറും അവരുടെ ജീവിത പ്രാരാപ്തങ്ങൾ കാരണം യുഎസിലേക്ക് പോകാനുള്ള വഴികൾ നോക്കുന്നത്. 12 വയസുള്ള മകനും 11 വയസുള്ള മകൾക്കും നല്ലൊരു ജീവിതം കൊടുക്കാനായാണ് പശുക്കളെ വളർത്തി ജീവിച്ചിരുന്ന അവർ അങ്ങനൊരു തീരുമാനമെടുത്തത്
Leave feedback about this