archive news

മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ അംബാസിഡറാണ് എം.എ യൂസഫലിയെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ; ജിസിസിയിലെ ഇന്ത്യയുടെ ഊർജ്ജസ്വലമായ മുഖമാണ് യൂസഫലിയെന്നും കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി

അബുദാബി : വ്യവസായങ്ങളെ ശക്തിപ്പെടുത്തി സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് കരുത്ത് പകരാനുള്ള ലക്ഷ്യവുമായി ഇന്ത്യയും യുഎഇയും. വാണിജ്യ വികസനത്തിന് പുറമേ ബഹിരാകാശ വ്യവസായങ്ങളും മെച്ചപ്പെടുത്താനാണ് ധാരണ. പുതിയ സാമ്പത്തിക ഇടനാഴി ഈ നീക്കങ്ങൾ വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചൂണ്ടികാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. വലിയ നിക്ഷേപസാധ്യതകൾ ഇരുരാജ്യങ്ങളും തുറന്നിടുന്നു. ഇന്ത്യൻ നിക്ഷേപകർക്ക് വലിയ പിന്തുണയാണ് യുഎഇ നൽ‌കുന്നത്. എം.എ യൂസഫലി അടക്കം ഇരുപത് ഇന്ത്യൻ കമ്പനി മേധാവിമാരും യുഎഇ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ജിസിസിയിലെ ഇന്ത്യയുടെ ഊർജ്ജസ്വലമായ മുഖമായ യൂസഫലി മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ അംബാസിഡറാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

യുഎഇ വിദേശവ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഉന്നതതല പ്രതിനിധി സംഘങ്ങളും അടക്കം നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ ഭാഗമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ വ്യവസായ സാധ്യതകൾ കൂടുതൽ വിപുലമായെന്നും ഈ ബന്ധം കൂടുതൽ സുദൃഢമാക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും , പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നയങ്ങൾ വഴിതുറന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ചൂണ്ടികാട്ടി. എൻആർഐ നിക്ഷേപങ്ങളിൽ അടക്കം കൊണ്ടുവന്ന തീരുമാനങ്ങൾ വലിയ വികസന അധ്യായത്തിനാണ് വഴി തുറന്നിരിക്കുന്നത്. യുഎഇ സാമ്പത്തിക വികസനത്തിൻറെ കേന്ദ്രമായി തന്നെ അബുദാബി മാറി. ഈ സാമ്പത്തിക പുരോഗതിക്ക് നാല് കോടിയോളം വരുന്ന ഇന്ത്യൻ ജനത നൽകിയ പങ്ക് വളരെ വലുതാണ്. ഏറ്റവും ബഹുമാനതോടെ തന്നെ യുഎഇയുടെ വികസനത്തിന്റെ ഭാഗമായി ഇന്ത്യക്കാർ തുടരും. സമാധാനം, സുസ്ഥിരത, സാമ്പത്തിക പുരോഗതി..ഈ

മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യയുടേയും യുഎഇയുടേയും ശ്രദ്ധയെന്നും എം.എ വ്യക്തമാക്കി. 

 അബുദാബി ചേംബർ ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെയായിരുന്നു ഈ സമ്മേളനം. മെയ്ക് ഇൻ ഇന്ത്യയ്ക്കു സമാനമായി മെയ്ക് ഇൻ ദി എമിറേറ്റ്സ് പദ്ധതി ഇന്ത്യയുടെ സഹകരണത്തോടെ തുടങ്ങാനും യുഎഇ തീരുമാനിച്ചു. ആശയവിനിമയ രംഗത്തും ഭൗമ നിരീക്ഷണ മേഖലയിലും സഹകരണം മെച്ചപ്പെടുത്തും.