ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിദ്യാർത്ഥികളായ ആദിക (19), വേണിക (19), സുതൻ (19) എന്നിവരാണ് മരിച്ചത്. ആദിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വേണികയും സുതനും ആശുപത്രിയിൽവച്ചാണ് മരിച്ചത്. ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്.
കന്യാകുമാരിയിൽ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 37 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു.
കേരള രജിസ്‌ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള – തമിഴ്നാട് എക്കോ പോയിന്റിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Leave feedback about this