മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും എന്നാൽ തന്റെ കൈയിൽ പണമില്ലെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്നണി പ്രവേശനത്തിൽ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് പ്രവേശനത്തിൽ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ ചില നേതാക്കൾ തനിക്കൊപ്പം നിൽക്കുന്നില്ലെന്ന് പറഞ്ഞ അൻവർ ഈ അധിക പ്രസംഗം തുടരുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.
പിണറായിസത്തിനെതിരേ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികൾ അതിനു തയാറായില്ല. പിണറായിസം മാറ്റി നിർത്തി, മറ്റുള്ള ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താൻ ഇപ്പോഴും അവർ മുന്നോട്ടു പോകുകയാണെന്നും അൻവർ പറഞ്ഞു.
ആരെയും കണ്ടല്ല താൻ എൽഡിഎഫിൽനിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽനിന്നു പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് എം. സ്വരാജെന്നും പി.വി. അന്‍വര്‍ വിമര്‍ശിച്ചു.
താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഇത്തവണ മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനം. അതുകൊണ്ട് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞു. അല്ലാതെ ഒരു സ്ഥാനാർഥിയെയും എതിർത്തിട്ടില്ല. താൻ പിന്തുണച്ചിട്ടും ഷൗക്കത്ത് തോറ്റാൽ എന്ത് ചെയ്യും. അതുകൊണ്ടാണ് എതിർത്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave feedback about this