തിരുവന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌ക്രീനിംഗിന് വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മെഗാ ക്യാമ്പ് രാവിലെ തന്നെ ആരംഭിച്ചു.
ആര്‍സിസിയിലേയും മെഡിക്കല്‍ കോളേജിലേയും ടീം അംഗങ്ങളാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇത് കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ജീവിതശൈലീ രോഗ നിര്‍ണയവും നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിച്ച ക്യാമ്പ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ക്യാമ്പില്‍ പങ്കെടുത്തവരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും മന്ത്രി സംസാരിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്‌ക്രീനിംഗ് നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു