വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമാധാന സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യു.എസ് പ്രസിഡന്റായിരുന്നത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഇദ്ദേഹം.
ജിമ്മി കാര്‍ട്ടറിന്റെ ഫൗണ്ടേഷനായ കാര്‍ട്ടര്‍ സെന്ററാണ് സമൂഹമാധ്യമത്തിലൂടെ മരണവാര്‍ത്ത അറിയിച്ചത്. പ്രസിഡന്റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറിനൊപ്പമാണ് അദ്ദേഹം കാര്‍ട്ടര്‍ സെന്റര്‍ സ്ഥാപിച്ചത്. പാവപ്പെട്ടവരുടെ സഹായത്തിനു വേണ്ടിയായിരുന്നു അത്. 2002ല്‍ ജിമ്മി കാര്‍ട്ടര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 90ാം വയസ്സിലും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന കാര്‍ട്ടര്‍ 2020 വരെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നാലായിരത്തിലേറെ വീടുകളാണ് കാര്‍ട്ടര്‍ നിര്‍മിച്ചു നല്‍കിയത്.
താന്‍ അര്‍ബുദ ബാധിതനാണെന്ന് ജിമ്മി കാര്‍ട്ടര്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. കരള്‍ ശസ്ത്രക്രിയയിലാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയുരുന്നു. അര്‍ബുദബാധയില്‍നിന്ന് പൂര്‍ണ മുക്തിനേടിയിരുന്നു. കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു.
Leave feedback about this