തിരുവനന്തപുരം: പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി തൊടുപുഴ കുടയത്തൂർ കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണനായുള്ള (26) പോലീസിൻറെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പോലീസ് നൽകിയ അഞ്ചു ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
അനന്തു കൃഷ്ണൻറെ മൂന്നു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പോലീസ് പറയുന്നു. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പോലീസിൻറെ കണ്ടെത്തൽ.
പ്രതിയുടെ ഒരു അക്കൗണ്ടിൽ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും വകമാറ്റിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. ഇയാളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങൾ അട ക്കമുള്ള സ്ത്രീകളെയാണ് വ്യാപകമായി തട്ടിപ്പിന് ഇരകളാക്കിയത്. നിലവിൽ ആയിരക്കണക്കിനു പരാതികളാണ് സംസ്ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകളിൽ എത്തിയിരിക്കുന്നത്.