breaking-news Kerala

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍മുഖ്യമന്ത്രി മുന്‍കൈയെടുക്കണം: എ.കെ.ആന്റണി

തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയില്‍ സെക്രട്ടേറിയറ്റ് നടയില്‍ സഹന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി തയ്യാറാകണമെന്ന് എ.കെ.ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം അനുവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേന്ദ്രത്തില്‍ നിന്നും കൂടുതലായി ലഭിക്കാനുള്ള സഹായത്തിന് മുഖ്യമന്ത്രിയുമായി ഒരുമിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടാനും ആവശ്യമെങ്കില്‍ കേന്ദ്രത്തിനെതിരേ യോജിച്ച് സമരം ചെയ്യാന്‍ തയ്യാറാണെന്നും എ.കെ.ആന്റണി പറഞ്ഞു.

ഹൈക്കോടതി നിയന്ത്രണം ലംഘിച്ച് കണ്ണൂരില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത സിപിഎമ്മുകാരോട് പൊലീസ് സ്വീകരിച്ച സമീപനവും കോരിച്ചൊരിയുന്ന മഴയില്‍ ആശ വര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാനായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റു പോലും പൊളിച്ചു മാറ്റിയ പൊലീസിന്റെ സമീപനവും സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. സിഐടിയുവിനും സിപിഎം സംഘടനകള്‍ക്കും മാത്രം സമരം ചെയ്യാന്‍ അനുവാദമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ലെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി. മദ്യത്തേക്കാള്‍ ആയിരം മടങ്ങ് അപകടകാരിയാണ് മയക്കുമരുന്നുകള്‍. മയക്കുമരുന്നിന്റെ വ്യാപനം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. സമീപകാലത്ത് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിന് യോജിക്കാതെ വരുന്ന അവസ്ഥയാണ് രൂപപ്പെട്ടുവരുന്നത്.

മയക്കുമരുന്നിനെതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിലെ സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും എ.കെ.ആന്റണി ആവശ്യപ്പെട്ടു. കെ.പി.സി.സി ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡ് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ. ആന്റണി. വാര്‍ഡ് പ്രസിഡന്റ് രാംകുമാര്‍ അധ്യക്ഷത വഹിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ല എന്ന സിപിഎമ്മിന്റെ നിലപാട് ഭാവി തെരെഞ്ഞടുപ്പുകളില്‍ ഇന്ത്യ മുന്നണിയുടെ ഫാസിസ്റ്റ് ഭരണകൂട വിരുദ്ധ പ്രവര്‍ത്തങ്ങളെ ദുര്‍ബലപ്പെടുത്തി മോദി സര്‍ക്കാരിനെ സഹായിക്കുകയെന്ന ലക്ഷ്യം വച്ചാണെന്ന് കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എം.എം.ഹസന്‍ ആരോപിച്ചു. വി.എസ് ശിവകുമാര്‍, പി.കെ വേണുഗോപാല്‍, കമ്പറ നാരായണന്‍, ലക്ഷ്മി, സുധാകരന്‍ നായര്‍, ഗണേശന്‍, വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എ.കെ.ആന്റണി പൊന്നാട അണിയിച്ച് ആദരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video