കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ട കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. തങ്ങളെ പ്രതികളാക്കി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രങ്ങൾ റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവു നൽകി. ഹരജിയില്‍ ഹൈകോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.
അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച മൂലം ശരിയായി വിചാരണ നടക്കാതെ പ്രതികളെല്ലാം കുറ്റമുക്തരാക്കപ്പെട്ട കേസാണിതെന്ന് മാതാപിതാക്കളുടെ ഹരജിയിൽ പറയുന്നു. പിന്നീട് കോടതി മുഖേന സി.ബി.ഐ പുനരന്വേഷണം നടത്തിയെങ്കിലും ശരിയായ അന്വേഷണം നടത്താതെയാണ് കുറ്റപത്രങ്ങൾ നൽകിയത്. ഈ കുറ്റപത്രങ്ങൾ റദ്ദാക്കണം. ശരിയായ അന്വേഷണവും ശരിയായ വിചാരണയും രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്. അതിനാൽ, നടന്നത് കൊലപാതകമാണെന്ന രീതിയിൽ പുനരന്വേഷണം നടത്തണം.
കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് ഹരജിയിലെ വാദം. കൊലപാതകമെന്ന് കണ്ടെത്താൻ മതിയായ തെളിവുകളുണ്ടായിട്ടും സി.ബി.ഐ അത് വേണ്ടവിധം പരിഗണിച്ചില്ല. കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സെലോഫിൻ ടെസ്റ്റിന്റെ ഫലം, ഷെഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകൾ, കൊലപാതകസാധ്യത അന്വേഷിക്കണമെന്ന ഫോറൻസിക് സർജന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ടുപേർ മുഖം മറച്ച് പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി തുടങ്ങിയവയടക്കം ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചത്.
Leave feedback about this