വാട്ട്‌സ്ആപ്പില്‍ ഇനി മുതല്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ എഐ മോഡലുകളും ഫീച്ചറുകളും നേരത്തെ ഉപയോഗിച്ചു തുടങ്ങിയിരുന്നു.
മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നത്.
ടെക്സ്റ്റ് അധിഷ്ഠിത കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുടെ ഡോള്‍- ഈ അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമായിരിക്കും ഈ ഫീച്ചര്‍.
വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങിയാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റിക്കര്‍ പാനലില്‍ ഒരു ഡയലോഗ് കാണും. പുതിയ ഓപ്ഷനെ കുറിച്ചുള്ള വിവരങ്ങള്‍ അതിലുണ്ടാകും.
ഈ സ്റ്റിക്കറുകള്‍ ജനറേറ്റുചെയ്യുന്നതിനുള്ള ഒരു ബട്ടണ്‍ ലഭ്യമാകും. വെബ്സൈറ്റ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ പുതിയ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പറയുന്നുണ്ട്. ഫീച്ചര്‍ ഉപയോഗിക്കാനായി എഐ ജനറേറ്റഡ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കള്‍ ബട്ടണ്‍ ടാപ്പു ചെയ്യണം.
തുടര്‍ന്ന് ഒരു പ്രോംപ്റ്റില്‍ പ്രവേശിക്കും. പ്രോംപ്റ്റിനോട് അടുത്ത് പൊരുത്തപ്പെടുന്ന സ്റ്റിക്കറുകളുടെ ഒരു ശ്രേണിയാകും വാട്ട്‌സ്ആപ്പ് പിന്നീട് ക്രിയേറ്റ് ചെയ്യുന്നത്. കൂടാതെ, പുതിയ എഐ പവര്‍ ഫീച്ചര്‍ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന സ്റ്റിക്കറുകള്‍ റിസീവറിന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
ഇമേജുകളിലേക്ക് മൈക്രോസോഫ്റ്റ് ചേര്‍ക്കുന്ന ബിങ് ലേബല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പോലെ വാട്ടര്‍മാര്‍ക്ക് ഉണ്ടാകും. ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുന്നതോടെ ഇതില്‍ വ്യക്തത വരും.
മെറ്റാ നല്‍കുന്ന സുരക്ഷിത സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും എഐ പവര്‍ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഏത് ജനറേറ്റീവ് എഐ മോഡലാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചറിനായി തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.
ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് തോന്നുന്ന പക്ഷം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകുമെന്നാണ് സൂചന.