കോഴിക്കോട്: എലത്തൂരിൽ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി കബളിപ്പിച്ച് 8.8 ലക്ഷം രൂപ തട്ടി. മുംബൈയിലെ ഇറിഗേഷൻ വകുപ്പിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണെന്നും വിർച്വൽ അറസ്റ്റിലാണെന്നും ഇദ്ദേഹത്തോട് പറഞ്ഞു. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു.
മുംബൈ സൈബര്‍ ക്രൈമിന്റെ ഡെപ്യൂട്ടി കമീഷണര്‍ എന്നാണ് തട്ടിപ്പുകാരൻ വയോധികനോട് പറഞ്ഞത്. മുംബൈയിൽ ജോലി ചെയ്ത സമയത്തെ കേസാണെന്നും പറഞ്ഞു. പണം പോയത് തെലങ്കാനയിലെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. എലത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ശ്രദ്ധിക്കുക: വിർച്വൽ അറസ്റ്റെന്ന് വിശ്വസിപ്പിക്കുന്നത് തട്ടിപ്പുകാരുടെ രീതിയാണ്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ പലപ്പോഴും ബന്ധപ്പെടുന്നത്. നിങ്ങൾ കേസിലെ പ്രതിയാണെന്നും അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി അയക്കാനോ അക്കൗണ്ട് വിവരങ്ങൾ നൽകാനോ ഇവർ ആവശ്യപ്പെടും. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നും തട്ടിപ്പുകാര്‍ വിളിച്ചാൽ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെടണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Leave feedback about this