ആലപ്പുഴ: മലപ്പുറത്തേക്കുറിച്ച് നടത്തിയ വിവാദ പരാമർശം വിശദീകരിച്ചും മുസ്‌ലിം ലീഗിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനൊരു മുസ്‌ലിം വിരോധിയല്ലെന്നും തന്നെ മുസ്‌ലിം വിരോധിയാക്കി, ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കാനാണ് ലീഗിലെ ചില നേതാക്കന്മാരുടെ ശ്രമമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ഈഴവ സമുദായത്തിന് മലപ്പുറം ജില്ലയില്‍ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലും- സ്‌കൂളോ കോളേജോ- ഇല്ല. അതേസമയം, മറ്റ് സമുദായങ്ങള്‍ എത്രയുണ്ടെന്ന് നിങ്ങള്‍ ആലോചിക്കൂ, വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം സമുദായത്തിന് എയ്ഡഡ് കോളേജുകള്‍ തന്നെ 11 എണ്ണമുണ്ട്. ആ സമുദായത്തിനുണ്ടെന്ന് പറഞ്ഞാല്‍ എംഇഎസിനുണ്ടെന്ന് താന്‍ അവകാശപ്പെടുന്നില്ല. മുസ്‌ലിം ലീഗിലെ ചില സമുദായക്കാരുടെ കയ്യിലാണ്. ലീഗിലെ പ്രമുഖരായ നേതാക്കന്മാരാണ് അതിന്റെ ഉടമസ്ഥര്‍. സാധാരണക്കാര്‍ക്കോ എംഇഎസിനോ അല്ല. ലീഗിലെ പ്രമുഖന്മാരായ സമ്പന്നര്‍ക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മലപ്പുറത്ത് അറബിക് കോളേജുകള്‍ ആറെണ്ണമുണ്ട്. അവിടെ അറബി മാത്രമല്ല പഠിപ്പിക്കുന്നത്. അറബിയും പഠിപ്പിക്കുന്നുണ്ട്. അവ എയ്ഡഡാണ്. അവയ്ക്ക് രണ്ടരയേക്കര്‍ ഭൂമി മതി. രണ്ടരയേക്കര്‍ സ്ഥലമുണ്ടെങ്കില്‍ ഒരു അറബിക് കോളേജായി. അറബിക് കോളേജ് എന്ന് പറഞ്ഞു തുടങ്ങിക്കഴിഞ്ഞാല്‍ യുജിസിയുടെ ശമ്പളത്തോടെ അവിടെ അധ്യാപകരെ നിയമിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയാണ്. ഫലത്തില്‍ 17 എയ്ഡഡ് കോളേജുകള്‍ അവിടെ അവര്‍ക്കുണ്ട്, വെള്ളാപ്പള്ളി പറഞ്ഞു.
Leave feedback about this