കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും സന്തോഷ് സാമൂഹിക മാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തി നടത്തിയത് സന്തോഷ് ആണെന്നാണ് ലഭിക്കുന്ന വിവരം.രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്.
Leave feedback about this