കാസര്‍കോട്:ഇ.ഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി വൈകാരികമായാണ് സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാല്‍ വൈകാരികതയ്ക്ക് ഇടയില്‍ മറുപടി പറഞ്ഞില്ല. പ്രതിപക്ഷം പ്രതികരിച്ചതിലാണ് അദ്ദേഹത്തിന് പരാതിയെന്നും അദ്ദേഹം പ്രതികരിച്ചു.കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് ഇ.ഡി നോട്ടീസ് അയച്ചു എന്നറിഞ്ഞാല്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. എം.എ ബേബി വരെ പ്രതികരിച്ചു. ലൈഫ് മിഷനിലാണോ ലാവലിന്‍ കേസിലാണോ നോട്ടീസ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസില്‍ നോട്ടീസ് നല്‍കിയെന്ന് ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. അത് എന്തിനു വേണ്ടിയായിരുന്നു എന്ന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായല്ല അദ്ദേഹം പ്രതികരിക്കേണ്ടത്. അത് കേള്‍ക്കാനല്ല കേരളത്തിന് താല്‍പര്യം. എന്തിനാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. വാര്‍ത്ത വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കും. അതിന് അദ്ദേഹം എന്നെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട. അതൊക്കെ എം.എ ബേബിയോട് മതിയെന്നും അദ്ദേഹം ആവർത്തിച്ചു.
നോട്ടീസ് രഹസ്യമാക്കി വച്ചത് എന്തിനെന്ന് ഇ.ഡിയാണ് പറയേണ്ടത്. ഏത് സമ്മര്‍ദ്ദത്തിന്റെയും അന്തര്‍ധാരയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചത്? തുടര്‍ നടപടി വേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശം വന്നു എന്നാണ് ഞാന്‍ അനൗദ്യോഗികമായി അറിഞ്ഞത്. അത് ശരിയാണോയെന്ന് അറിയില്ല. അത് ഇ.ഡിയാണ് വ്യക്തമാക്കേണ്ടത്. നോട്ടീസ് നല്‍കുന്നതിന് ഒരു നടപടിക്രമമുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നാണോ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നാണ് തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായതെന്നതില്‍ ദുരൂഹതയുണ്ട്. അത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കില്ലെന്നു മനസിലായി. ഈ വിഷയം ഒഴികെ എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇനി മറുപടി പറയേണ്ടത് ഇ.ഡിയാണെന്നും അദ്ദേഹം പറഞ്ഞു.