തിരുവനന്തപുരം: കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരേ അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപം നടത്തിയെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2018 ല്‍ കമ്പനി മുങ്ങാന്‍ പോകുന്ന സമയത്തായിരുന്നു നിക്ഷേപം നടത്തിയതെന്നും പറഞ്ഞു. പലിശയടക്കം 101 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് ഏഴുകോടി മാത്രമാണെന്നും ഇക്കാര്യം കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നും മറച്ചുവെച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എംഎസ്എംഇ അടക്കമുള്ള വ്യവസായങ്ങളെയും ഇടത്തരം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ട് അനുസരിച്ച് രൂപീകരിച്ച കെ.എഫ്്.സി. 2018 ഏപ്രില്‍ 19 ന് നടന്ന മാനേജ്‌മെന്റ് കമ്മറ്റിയിലായിരുന്നു നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. അനില്‍അംബാനിയുടെ സ്ഥാപനങ്ങളെല്ലാം വന്‍ നഷ്ടം നേരിടുന്ന കാലത്തായിരുന്നു ഈ നിക്ഷേപം. അനിലിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അക്കാര്യം കെഎഫ്‌സി യുടെ 2018-19 കാലത്ത് മറച്ചു വെയ്ക്കുകയും ചെയ്തു. 2019-20 ലും മറച്ചുവെച്ച റിപ്പോര്‍ട്ട് 2020-21 ലെ വാര്‍ഷിക റിപ്പോര്‍്ട്ടില്‍ മാത്രമാണ് പരാമര്‍ശിച്ചതെന്നും പറഞ്ഞു.
സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ട് പ്രകാരം ഈ പണം നിക്ഷേപിക്കേണ്ടത് റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളൂ എന്നിരിക്കെയാണ് നിയമം വിട്ടുള്ള ഈ നടപടി. 2019 ല്‍ അനില്‍ അംബാനിയുടെ കമ്പനി പൂട്ടിയതോടെ പാപ്പരത്ത നടപടികളുടെ ഭാഗമായി തിരിച്ചുകിട്ടിയത് വെറും ഏഴുലക്ഷം രൂപ മാത്രമായിരുന്നെന്നും പറഞ്ഞു. പലിശയടക്കം 101 കോടി കിട്ടേണ്ടയിടത്താണ് ഈ ചെറിയ തുക കിട്ടിയതെന്നും പറഞ്ഞു. ധനകാര്യ സ്ഥാപനത്തിന്റെ നിലവിലെ സാമ്പത്തീക സ്ഥിതി പരിശോധിക്കാതെ കമ്മീഷനടിച്ച് ചില ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.