തിരുവനന്തപുരം: എക്സിറ്റ് പോളുകൾ കൂട്ടത്തോടെ ഭരണമാറ്റം പ്രവചിച്ചതോടെ കോൺഗ്രസിന് തികഞ്ഞ ആത്മവിശ്വാസം. എല്ലാ ഏജൻസികളും ഒരുപോലെ യുഡിഎഫ് സാധ്യതയിലേക്കു വിരൽചൂണ്ടുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം നിറച്ചു. എക്സിറ്റ് പോളുകൾക്ക് ഒരിക്കലും അമിത പ്രാധാന്യം കൊടുക്കാറില്ലെന്ന നിലപാടിലാണ് സിപിഎം. യുഡിഎഫിന് 80–85 സീറ്റ് ലഭിക്കുമെന്ന വിശ്വാസമാണ് വോട്ടെടുപ്പിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകടിപ്പിച്ചത്. എഐസിസിയുടെയും കെപിസിസിയുടെയും കണക്കുകൂട്ടലും വിജയം സുനിശ്ചിതമെന്നു തന്നെ. ന്യൂനപക്ഷ ഏകീകരണവും യുവ, വനിതാ വോട്ടർമാരുടെ പിന്തുണയും മുന്നണിക്കു ലഭിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും വലിയ മുന്നേറ്റത്തിനു സാധിക്കുമെന്ന കോൺഗ്രസ് വിലയിരുത്തലും എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന പൊതുസൂചന 71 മുതൽ 94 വരെ സീറ്റ് യുഡിഎഫിന് ലഭിക്കാമെന്നാണ്. എൽഡിഎഫിന് 44 മുതൽ 68 വരെ സീറ്റ് ലഭിക്കാം. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന സൂചനകളാണ് ചിലതിലെങ്കിൽ 7 സീറ്റ് വരെ കിട്ടിയേക്കാമെന്ന പ്രവചനവുമുണ്ട്. എക്സിറ്റ് പോളുകൾ കൂടുതൽ മ്ലാനത എൽഡിഎഫ് കേന്ദ്രങ്ങളിൽ സൃഷ്ടിച്ചു. ഭരണത്തുടർച്ച എന്ന പ്രതീക്ഷ കൈവിടുന്നില്ലെങ്കിലും സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടിക്കകത്തെ വിശകലനങ്ങളിൽ ഉറച്ച ജയസാധ്യത കണ്ടിരുന്നില്ല.
