തിരുവനന്തപുരം: മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി സ്വകാര്യ കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്കു സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ നിർദേശം നൽകി. വിരമിച്ച ശേഷവും ഡിജിപി റാങ്കിനു തുല്യമായ നക്ഷത്രചിഹ്നം പതിച്ച കാർ തച്ചങ്കരി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ പൊലീസിന്റെ ചിഹ്നം സ്വകാര്യ കാറിലുപയോഗിക്കുന്നത് പലരീതിയിലുള്ള നിയമലംഘനങ്ങൾക്കു വഴിയൊരുക്കാമെന്നും സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാട്ടി. 3 വർഷം മുൻപാണു തച്ചങ്കരി സേനയിൽ നിന്നു വിരമിച്ചത്. അതിനു ശേഷം ഇത്രയുംനാൾ നക്ഷത്ര ചിഹ്നം പതിച്ച കാർ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ലെന്ന ചോദ്യവുമുയരുന്നു. കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാകാനാണു നക്ഷത്ര ചിഹ്നം പതിച്ച വാഹനത്തിൽ അദ്ദേഹം കലക്ടറേറ്റ് വളപ്പിലെത്തിയത്.

Leave feedback about this