loginkerala breaking-news ആവേശം കൊട്ടിക്കയറി; മേളപ്പെരുക്കത്തിൽ ഇനി വർണക്കുടമാറ്റം; പൂരാവേശത്തിൽ തൃശൂർ
breaking-news Kerala

ആവേശം കൊട്ടിക്കയറി; മേളപ്പെരുക്കത്തിൽ ഇനി വർണക്കുടമാറ്റം; പൂരാവേശത്തിൽ തൃശൂർ

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തുടക്കമായി. തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം പൂരാവേശത്തില്‍ അലിഞ്ഞുചേര്‍ന്നു. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു.

പിന്നാലെ വിവിധ ഘടക പൂരങ്ങള്‍ എഴുന്നള്ളിത്തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ഘടക പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളികൊണ്ടിരിക്കുകയാണ്.

11.30 ഓടേ ആരംഭിച്ച മഠത്തില്‍ വരവ് പഞ്ചവാദ്യം നാദവിസ്മയം തീര്‍ത്തു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിന് മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോങ്ങാട് മധുവിന്റെ പ്രാമാണിത്വത്തില്‍ നടന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയപ്പോള്‍ പൂരാവേശം അതിന്റെ പരകോടിയിലെത്തി. മദ്ദളത്തിന് പ്രമാണം വഹിച്ചത് കോട്ടയ്ക്കല്‍ രവിയാണ്. ഇരു കുലപതികളും കൊട്ടിക്കയറിയതോടെ താളമേള ലയങ്ങളുടെ സംഗമ വേദിയായി തൃശൂര്‍ നഗരം മാറി.

തൃശൂര്‍ പൂരത്തിന്റെ ആവേശം വാനോളം ഉയര്‍ത്താന്‍ പാറമേക്കാവ് ഭഗവതി 12 മണിയോടെ ചെമ്പട കൊട്ടി ഇറങ്ങി. പതിനഞ്ച് ആനകളുടെയും ചെമ്പട മേളത്തിന്റെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. തുടര്‍ന്ന് ചെമ്പടമേളം അവസാനിച്ച് പാണ്ടിമേളം തുടങ്ങി വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരം വഴി അകത്ത് കടന്ന് വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയിലാണ് ഇലഞ്ഞിത്തറ മേളം. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് രണ്ടരമണിക്ക് ആരംഭിച്ചു.

Exit mobile version