loginkerala breaking-news തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും; ഷാനിമോൾ ഉസ്മാൻ ഡെപ്യുട്ടി സ്പീക്കർ പരി​ഗണനയിൽ
breaking-news Kerala

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും; ഷാനിമോൾ ഉസ്മാൻ ഡെപ്യുട്ടി സ്പീക്കർ പരി​ഗണനയിൽ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ പുതിയ നിയമസഭാ സ്പീക്കറായും, ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും പരിഗണിക്കുന്നതായി റിപ്പോർട്ട്. മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഇരുവരും സ്പീക്കർ പദവികളിലേക്ക് എത്തുന്നതോടെ നിയമസഭയ്ക്ക് പരിചയസമ്പന്നരായ നേതൃത്വത്തെ ലഭിക്കും. മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നെങ്കിലും, നിയമസഭാ ചട്ടങ്ങളിലുള്ള കൃത്യമായ ധാരണയും മികച്ച പ്രവർത്തന പരിചയവും മുൻനിർത്തിയാണ് തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്ക് നിശ്ചയിച്ചത്.

ആലപ്പുഴയിൽ നിന്നും മന്ത്രിസ്ഥാനത്തേക്ക് ശക്തമായി കേട്ടിരുന്ന പേരുകളിലൊന്നായിരുന്നു കെപിസിസി കോർകമ്മിറ്റിയിലെ ഏക വനിതാ അംഗം കൂടിയായ ഷാനിമോൾ ഉസ്മാന്റേത്. കോൺഗ്രസ് വനിതാ എംഎൽഎമാരിലെ ഏറ്റവും മുതിർന്ന നേതാവെന്ന നിലയിൽ മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒടുവിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. രണ്ടാംവട്ടമാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തുന്നത്.

അതേസമയം, മുന്നണി ചർച്ചകളുടെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവിയും നൽകാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജോസഫ് വിഭാഗം ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, അനുരഞ്ജന ചർച്ചകൾ ഇന്ന് തുടരും. ഒരു മന്ത്രിസ്ഥാനം മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ മോൻസ് ജോസഫിന് പുറമെ അപു ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരിലൊരാളെ ചീഫ് വിപ്പായി പരിഗണിക്കും. ഇതിൽ അപു ജോസഫിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Exit mobile version