തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ കിട്ടിയ ആദ്യമൊഴികള്‍ തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ വെച്ച് വിശദമായ ചോദ്യം ചെയ്യലിനാണ് അന്വേഷണസംഘം ഒരുങ്ങുന്നതെന്നാണ് വിവരം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ 2019 മുതലുള്ള സാമ്പത്തീക ഇടപാടുകളും കൂടിക്കാഴ്ചകളും പരിശോധിക്കാനാണ് നീക്കം. നേരത്തേ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് ചില അനുമതികളുമായി ബന്ധപ്പെട്ട സംശയങ്ങളും ദുരൂഹതയും നീക്കാനായിരുന്നു ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ സാമ്പത്തീക ഇടപാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അനിവാര്യമാണെന്നാണ് എസ്‌ഐടി നിലപാട്. നേരത്തേ കടകംപള്ളി നല്‍കിയ മൊഴിക്കകത്ത് ചില വ്യക്തത വരാനുണ്ട്. കടകംപള്ളിയുമായി ബന്ധപ്പെട്ട ചില നിര്‍മ്മാണങ്ങളും ഭൂമിയിടപാടുകളുമാണ് സംശയത്തില്‍ നില്‍ക്കുന്നത്.