കൊച്ചി: വയനാട് ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി നീതൂസ് അക്കാദമി രംഗത്ത്. ഊരാളുങ്കൽ ലേബർ സൊസേറ്റിയുടെ നിയന്ത്രണത്തിൽ മാതൃകാ വീട് യാഥാർത്ഥ്യമാകുന്നതിന് ഇടയിലാണ് പുതിയ വിവാദവും ഉടലെടുത്ത്. 15 ലക്ഷം രൂപയ്ക്ക് നീതൂസ് അക്കാദമി നിർമ്മിച്ച വീട് എന്ന തരത്തിൽ കോൺട്രാക്ടർ പങ്കുവച്ച കുറിപ്പുമായി അക്കാദമിക്ക് ബന്ധമില്ലെന്നും അതിലും കൂടുതൽ തുക വസ്തു വാങ്ങി നൽകുന്നതിനും വീടിന്റെ ഇന്റീരിയറിനുമൊക്കെയായി ചിലവായെന്നാണ് നീതൂസ് അക്കാദമി വ്യക്തമാക്കുന്നത്. വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നീതൂസ് അക്കാദമിയും പണം നൽകിയിട്ടുണ്ട്. ണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നു. അതിനെ വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണെന്നും നീതൂസ് അക്കാദമി കുറിപ്പലൂടെ പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ സൗത്ത് ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി.അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നു. അതിനെ വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.
ഞങ്ങൾ വീട് പണിയുവാൻ ഏൽപ്പിച്ച കോൺട്രാക്റ്റർ വയനാട്കാരനാണ്. എറണാകുളത്തുള്ള ഞങ്ങൾക്ക് ഇവിടെയുള്ള ഒരു കോൺട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിൻ്റെ ചേട്ടൻ പ്രവീൺ കണക്റ്റ് ചെയ്ത അഞ്ച് കോൺട്രാക്റ്റർമാറിൽ നിന്നും ഇദ്ദേഹത്തിൻ്റെ കൊട്ടേഷൻ കണ്ടിട്ട് വർക്ക് അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങൾക്ക് അറിയില്ല. കോൺട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിൻ്റെ യഥാർഥ ചിലവുകൾ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോൺട്രാക്റ്റർക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇൻ്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാൻ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവുമാണ്.സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങൾ ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.
വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങൾ സംഭാവന ചെയ്തിരുന്നു. ഇനിയും സർക്കാർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും.
Leave feedback about this