25 വയസിന്റെ നിറവിൽ നന്ദഗോവിന്ദം ഭജൻസ്; സാമൂഹിക പ്രതിബന്ധതയിൽ ഊന്നി നേത്രദാനം പ്രോത്സാഹിപ്പിക്കാൻ ബൃഹത് ക്യാമ്പയിനും
സാമ്പ്രദായിക ഭജൻ അവതരണ രീതിയിൽ നിന്ന് മാറിയ അവതരണം. ഭജനയെ ജനകീയമാക്കിയ മാന്ത്രികത. നന്ദഗോവിന്ദം ഭജൻസ് 25 വർഷം പിന്നിട്ടപ്പോൾ ആഘോഷ പരിപാടികളിലും ആ വ്യത്യസ്തത പുലർത്തി. വമ്പൻ മ്യൂസിക് ബാൻഡുകകൾ അരങ്ങു വാഴുന്ന നാട്ടിലാണ്, ഭജന എന്ന ക്ഷേത്ര കലയെ ജനകീയമാക്കിയ ഒരു കൂട്ടം ചെറുപ്പാക്കാരുടെ വിജയഗാഥയെത്തിയത്.
ചലച്ചിത്ര ഗാനങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ ഭജൻ ഗാനാലാപന ശൈലിയിലേക്ക് സംയോജിപ്പിച്ചാണ് നന്ദഗോവിന്ദം ഭജൻസ് അതിന്റെ ജനകീയത കൈവരിച്ചത്. കോട്ടയം നട്ടാശേരിയിൽ 25 വർഷം മുൻപു രൂപംകൊണ്ട ഭജനസംഘമാണ് ഇന്നു കാണുന്ന നന്ദഗോവിന്ദം ഭജൻസിലേക്കു വളർന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും കർക്കടകമാസത്തിൽ സന്ധ്യയ്ക്കു ഭജന നടത്തിയിരുന്ന സംഘത്തിലെ മുതിർന്ന അംഗം ഇളങ്ങൂർ രാജേന്ദ്രപ്പണിക്കരായിരുന്നു ഭജനസംഘത്തിലെ ഗുരു കാരണവർ. 25 വർഷം മുൻപ് കാഴ്ച ശക്തി നഷ്ടപ്പെട്ട വേളയിലാണ് അദ്ദേഹം ഭജനസംഘം തുടക്കമിടുന്നത്. ഒരു കൂട്ടം യുവാക്കളും അദ്ദേഹത്തോടൊപ്പം എത്തിയതോടെ ഭജനസംഘം ശ്രദ്ധേയമായി. കോവിഡ് കാലത്ത് ഓൺലൈനിലൂടെ നന്ദഗോവിന്ദം നടത്തിയ ഭജനകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

അങ്ങനെ ഒറ്റ മുറിയിൽ തുടങ്ങിയ ഭജന സംഘം മലയാളികളിലേക്ക് പടരുന്നു. തങ്ങളുടെ ഗുരുവായ രാജേന്ദ്ര പണിക്കരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറുമായി ആലോചിച്ചങ്കിലും നേത്രം മാറ്റിവയ്ക്കൽ ദുഷ്കരമായിരുന്നു. റോബോട്ടിക്ക് സംവിധാനം ഉൾപ്പടെ പല ചികിത്സകളും ആലോചിച്ചെങ്കിലും വേണ്ടത്ര പണം ഇവരുടെ കൈവശമുണ്ടായിരുന്നില്ല. നന്ദഗോവിന്ദം ഭജൻസ് ജനകീയമായി പണം കയ്യിലെത്തിയപ്പോഴേക്കും രണ്ട് വർഷം മുൻപ് രാജേന്ദ്രപണിക്കർ വിടപറഞ്ഞു. രാജേന്ദ്രപണിക്കരുടെ സ്മരണാർത്ഥം നേത്രദാനത്തിന് മഹത്തായ സന്ദേശമൊരുക്കി നേത്രദാന ക്യാമ്പയിനും നന്ദഗോവിന്ദം ഭജൻസ് 25ാം വാർഷിക വേളയിൽ തുടക്കമിട്ടു.
രാജേന്ദ്ര പണിക്കരുടെ സ്മരണാർത്ഥം സാമൂഹിക പ്രതിബന്ധത ഉറപ്പാക്കിക്കൊണ്ട് നേതൃദാനത്തെ പ്രോത്സാഹിപ്പിക്കാൻ ദൃഷ്ടി എന്ന പേരിൽ പത്ത് ലക്ഷം ആളുകളുടെ പങ്കാളിത്തത്തോടെ നേത്രദാന ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. അതിനായി നന്ദഗോവിന്ദം വെബ്സൈറ്റിൽ നേതൃദാനത്തിനുള്ള സമ്മതപത്രവും തയ്യാറാക്കി. നേത്രദാനം പ്രോത്സാഹിപ്പിക്കാനും, അന്ധത അനുഭവിക്കുന്നവർക്ക് പരിഹാരമായിട്ടാണ് ഈ ഉദ്യമം. ഗുരുവായ രാജേന്ദ്രപണിക്കരുടെ അനുസ്മരണത്തിന് മുന്നോടിയായി പത്ത് ലക്ഷം നേത്രദാനത്തിനുള്ള സമ്മതപത്രം എത്തിക്കുകയാണ് നന്ദഗോവിന്ദം ലക്ഷ്യമിടുന്നതെന്ന് ഡോ അർജിത് കർമ്മ പ്രതികരിച്ചു.
നവീൻ മോഹൻ, പ്രവീൺ ആനന്ദ്, ശ്രീലാൽ, മനു, അഭിജിത്ത്, ഹരികൃഷ്ണൻ, ഹരിരാജ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന ഗായകരുടെ നേതൃത്വത്തിലുള്ള ഭജന സംഘം പിന്നീട് ക്ഷേത്രങ്ങളിലെ നിറഞ്ഞ സാന്നിധ്യമായി. 25 വർഷം ആഘോഷിക്കുന്ന നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ ഗുരു കാരണവരായ രാജേന്ദ്രപണിക്കരുടെ സ്മരണാർത്ഥമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നന്ദഗോവിന്ദം പിറവികൊണ്ട കോട്ടയം ജില്ലയിലെ പാലായിൽ അവതരിപ്പിച്ച പരിപാടി ഒഴുകിയെത്തിയ ഭജന ആസ്വാദകരാൽ സമ്പന്നമായിരുന്നു. ഗായകനായ നവീൻ നന്ദഗോവിന്ദത്തിന്റെ 25 വർഷങ്ങളുടെ ജൈത്രയാത്രയെ കുറിച്ചും സദസിനോട് പങ്കുവച്ചു. . നടിമാരായ മഞ്ജുപിള്ള , ദിവ്യ പിള്ള, ശ്രീവിദ്യ മുല്ലശ്ശേരി, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ, കാർത്തിക് സൂര്യ, ജോസഫ് അന്നക്കുട്ടി ജോസ്, ബാലതാരം ദേവനന്ദ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, വ്ലോഗർ സുജിത് ഭക്തൻ, വ്ളോഗർ ശരത് കൃഷ്ണൻ, സർപ്രൈസായി എത്തിയ ഗായകൻ ജോബ് കൂര്യൻ എന്നിവരടക്കം സിനിമ സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേർ പങ്കാളികളായി.

Leave feedback about this