loginkerala breaking-news മണിയൻപിള്ള രാജുവിന്റെ വാഹനാപകടം: വൈദ്യപരിശോധന വൈകിയതിൽ പൊലീസിന് ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് റിപ്പോർട്ട്
breaking-news Kerala

മണിയൻപിള്ള രാജുവിന്റെ വാഹനാപകടം: വൈദ്യപരിശോധന വൈകിയതിൽ പൊലീസിന് ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കാർ അപകടക്കേസിൽ മണിയൻപിള്ള രാജുവിന്റെ വൈദ്യ പരിശോധന വൈകിയ സംഭവത്തിൽ മ്യൂസിയം പൊലീസിനെ സംരക്ഷിച്ച് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെന്നും പരുക്കേറ്റവർക്ക് വൈദ്യസഹായം നൽകുകയാണ് ആദ്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. രാത്രി രണ്ട് തവണ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ എത്തിയെന്നും രാജു അവിടെയില്ലെന്ന് പറഞ്ഞതോടെയാണ് മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് കാർ അപകടം ഉണ്ടായത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജു കാർ നിർത്താതെ പോകുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്നും നിർത്താതെ പോയത് ഭയം കൊണ്ടാണെന്നും പിന്നീട് നടൻ പ്രതികരിച്ചിരുന്നു. സുധീര്‍കുമാര്‍ രാജു എന്ന മണിയൻപിള്ള രാജുവിന്റെ പേരിലുള്ള ‘KL 01 CJ 04’ രജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും മണിയൻ പിള്ള രാജു പറയുന്നു. എന്നാൽ കൃത്യ സമയത്ത് വൈദ്യ പരിശോധന നടക്കാത്തതിനാൽ ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്

Exit mobile version