വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
കൊച്ചി : സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായം. 24 കണക്ടുമായി സഹകരിച്ചാണ് നിർധനരായ പത്ത് കുടുംബങ്ങൾക്ക് കൂടി വീടുകൾ നിർമ്മിക്കുന്നത്. ഇതിന് ആവശ്യമായ ഒരു കോടി രൂപയുടെ ചെക്ക് എം.എ യൂസഫലിക്ക് വേണ്ടി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർക്ക് കൈമാറി.

നേരത്തെ ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ വിതരണ ചടങ്ങിനിടെയാണ് പത്ത് കുടുംബങ്ങൾക്ക് കൂടി വീട് നൽകുമെന്ന് എം.എ യൂസഫലി പ്രഖ്യാപിച്ചിരുന്നത്. അദേഹം അന്ന് നൽകിയ ഉറപ്പാണ് യാഥാർത്ഥ്യമാകുന്നത്. എം.എ യൂസഫലിയുടെ സഹായം കൊണ്ട്, സ്വന്തമായി വീട് എന്ന കുടുംബങ്ങളുടെ വലിയ സ്വപ്നമാണ് സഫലമാകുന്നതെന്നും നിർധനരായ മനുഷ്യരുടെ കണ്ണീരൊപ്പുന്ന എം.എ യൂസഫലിയുടെ വലിയ മനസിന് നന്ദി അറിയിക്കുന്നുവെന്നും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാണ് നിർമ്മിക്കുക. അസറ്റ് ഹോംസിനാണ് നിർമ്മാണ ചുമതല. ആധുനിക സൗകര്യങ്ങളോടെ നല്ല നിലവാരത്തിലുള്ള വീടുകളാണ് നിർമ്മിക്കുകയെന്നും, എത്രയും വേഗം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറുമെന്നും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് പറഞ്ഞു. പാവപ്പെട്ട മനുഷ്യർക്ക് വലിയ സഹായമാകുന്ന ഈ പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എല്ലാവിധ പിന്തുണയും അറിയിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് പ്രതിനിധി വി.ആർ പീതാംബരനും പങ്കെടുത്തു.

Leave feedback about this