കൊല്ലം: വെന്റിലേറ്ററിൽ ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തിൽ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന കൊല്ലം കരിക്കോട് ഒറ്റപ്ളാവില വീട്ടിൽ മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് സഹായം നൽകിയാണ് എം.എ യൂസഫലി കുടുംബത്തിന് രക്ഷകനായി മാറിയത്. സഫാന്റെ ചികിത്സയ്ക്ക് വേണ്ട
മുഴുവൻ ചിലവും യൂസഫലി നൽകി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഗുരുതരമായ അവസ്ഥയിൽ വെന്റിലേറ്ററിൽ തുടർന്ന മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് പണമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു. ചികിത്സയ്ക്കായി പല വാതിലുകളും മുട്ടിയെങ്കിലും ആരിൽ നിന്നും സഹായം ലഭിച്ചില്ല. ഈ അവസരത്തിലാണ് ദൈവദൂതനെ പോലെ ആശുപത്രിയിലേക്ക് എം.എ യൂസഫലി എത്തുന്നത്. അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന ലുലുവിലെ ജീവനക്കാരന്റെ മാതാവിനെ സന്ദർശിക്കാനായി യൂസഫലി അവിടേക്ക് എത്തിയും കുടുംബത്തിന് ഭാഗ്യമായി. യൂസഫലി സാറെ എന്റെ മകനെ സഹായിക്കണെ എന്ന് വിളിച്ചു കൊണ്ടുള്ള മാതാവിന്റെ അപേക്ഷ എം.എ യൂസഫലി കേട്ടതും ഇവരെ അടുത്തേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കി.
വാടകവീട്ടിൽ ദുരിതത്തിൽ കഴിയുമ്പോഴാണ് മകന് അസുഖം മൂർച്ഛിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത കുടുംബത്തിന്റെ നിസ്സഹായവസ്ഥ എം.എ യൂസഫലി കേട്ടു. സഫാന്റെ തുടർന്നുള്ള ചികിത്സയ്ക്ക് 25 ലക്ഷത്തോളം ആവശ്യമാണെന്നും തങ്ങൾക്ക് യാതൊരു നിവർത്തിയില്ലെന്നും കുടുംബം കണ്ണീരോടെ അദ്ദേഹത്തോട് പറഞ്ഞപ്പോൾ സഫാന്റെ തുടർ ചികിത്സ താൻ നടത്തുമെന്ന് എം.എ യൂസഫലി ഉറപ്പ് നൽകി. അദ്ദേഹത്തിന്റെ ഇടപെടലിൽ തുടർന്നുള്ള ചികിത്സ വേഗത്തിലായി. രോഗത്തിൽ നിന്ന് പൂർണ മുക്തിനേടി വീട്ടിലെത്തിയപ്പോൾ സഫാനും കുടുംബത്തിനും എം.എ യൂസഫലിക്ക് തിരിച്ച് നൽകാൻ നന്ദി വാക്കുകൾ മാത്രമേയുള്ളു. കുടുംബത്തിന്റെ പ്രാർത്ഥനകളിൽ എപ്പോഴും യൂസഫലി സാറുണ്ടെന്ന് മാതാവും സഫാനും പറയുന്നു. ദൈവദൂതനെ പോലെണ് അദ്ദേഹം ആ ആശുപത്രിയിലേക്ക് എത്തിയതെന്ന് സഫാന്റെ പിതാവിന്റെ പ്രതികരണം. പടച്ചോനായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്റെ ജീവിതത്തിലും ഓർമയിലും എപ്പോഴും അദ്ദേഹമുണ്ടായിരിക്കുമെന്നും മുഹമ്മദ് സഫാൻ പ്രതികരിക്കുന്നത്.