loginkerala breaking-news യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ റിമാന്റ് ചെയ്തു
breaking-news

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ റിമാന്റ് ചെയ്തു

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ റിമാന്റ് ചെയ്തു. വഞ്ചിയൂര്‍ കോടതിയിലായിരുന്നു ഹാജരാക്കിയത്. ബെയ്‌ലിന്‍ദാസിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബെയ്‌ലിന്‍ ദാസിന് ജാമ്യം നല്‍കരുതെന്നും പ്രതി നിയമ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ ആയതിനാല്‍ തെളിവ് നശിപ്പിക്കപ്പെടാനും നിയമം ദുരുപയോഗിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രതിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്നും സമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ളയാളാണെന്നും പ്രതിഭാഗവും പറഞ്ഞു.

ഈ മാസം 30 വരെയാണ് ബെയ്‌ലിന്‍ദാസിനെ റിമാന്റ് ചെയ്തത്. പേട്ട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. നാലു തരത്തിലുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് പുതിയതായി സ്ത്രീത്വത്തെ അപമാനിക്കല്‍ എന്ന കുറ്റം കൂടി ചുമത്തി. നേരത്തേ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് നല്‍കിയിരുന്നതെങ്കില്‍ നാലാമതായി ചേര്‍ത്തിരിക്കുന്ന വകുപ്പ് ബെയ്‌ലിന്‍ദാസിന ജാമ്യം നിഷേധിക്കാന്‍ പാകത്തിലുള്ളതാണ്. മുഖത്ത് പൊട്ടല്‍ ഉള്ളതിനാലാണ് ഈ വകുപ്പ് ചേര്‍ത്തത്.

ശാമിലിയെ മര്‍ദ്ദിച്ചെന്നും കേഴ്‌വിക്ക് തകരാറുണ്ടായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 30 ാം തീയതി വരെയാണ് റിമാന്റ്. നാളെ ജാമ്യാപേക്ഷ പരിഗണിക്കും. തനിക്കും മര്‍ദ്ദനമേറ്റെന്നും ശ്യാമിലിയുടെ നഖം കൊണ്ട് മുഖത്ത് മുറിവേറ്റെന്നും ചെവിക്ക് പരിക്കുണ്ടെന്നും ബെയ്‌ലിന്‍ദാസിന്റെ അഭിഭാഷകനും പറഞ്ഞു. കേസില്‍ ഒളിവില്‍ പോയ ബെയ്‌ലിന്‍ദാസിനെ കഴിഞ്ഞദിവസമായിരുന്നു പിടികൂടിയത്

Exit mobile version