കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ സന്ദർശനത്തിനെത്തിയ അഞ്ചു വയസുകാരൻ ചതുപ്പിൽ വീണുമരിച്ച സംഭവത്തെ കുറിച്ച് ആർ ഡി ഒ സുതാര്യവും ഫലപ്രദവുമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
പാർക്ക് മാനേജ്മെന്റ് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് ആർ ഡി ഒ അന്വേഷിക്കണം. പാർക്കിന് പഞ്ചായത്തും ബന്ധപ്പെട്ട ഏജൻസികളും നൽകുന്ന ലൈസൻസ് ഉണ്ടോ എന്നും പരിശോധിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തണം. അപകടത്തിൽ മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളുടെ വിലാസവും സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിൽ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണം. പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഹാജരാക്കണം. ആർ ഡി ഒ മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.
കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പാർക്കിന് ലൈസൻസ് ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണം. സംഭവത്തിന് ശേഷം പഞ്ചായത്ത് സ്വീകരിച്ച നടപടികൾ രേഖാമൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
ആർ ഡി ഒയുടെ പ്രതിനിധിയും കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും മേയ് 19 ന് പത്തടി പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം. കോട്ടയം ചെങ്ങളം സൗത്ത് സ്വദേശി മുഹമ്മദ് ആദമാണ് അപകടത്തിൽ മരിച്ചത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave feedback about this