loginkerala breaking-news ശംഖുമുഖത്ത് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവം; പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോ‍ർട്ട്
breaking-news Kerala

ശംഖുമുഖത്ത് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവം; പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോ‍ർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോ‍ർട്ട്. പൊലീസുകാരനായ മിഥുൻ റോയി പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ എടുത്ത കേസിലാണ് വീഴ്ചയില്ലെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് എന്നും ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ കൈയിൽ ലാത്തികൊണ്ട് മർദ്ദിച്ചതായി കാണിക്കുകയും തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ മിഥുൻ റോയിയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഒരു വീഡിയോയിൽ പുറത്തുവന്നിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാളിനുള്ളിൽ ഇതേ എസ്എഫ്ഐ പ്രവർത്തകർ മിഥുൻ റോയിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മാളിനുള്ളിൽ വച്ച് കുടുംബവുമായെത്തിയ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പരസ്യമായി ആക്രമിക്കുകയായിരുന്നു. ഇതിൽ പോലീസുകാരന്റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ പിടിയിലായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഇന്നലെ രാത്രി തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. വിനയ് പ്രകാശ്, സുർജിത് എന്നിവരെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിക്കുകയായിരുന്നു. പൊലീസുകാരൻ ഇടിവളയിട്ട് എസ്എഫ്ഐ പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങളും എസ്എഫ്ഐ പ്രവർത്തകർ മിഥുൻ റോയിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോയിലുണ്ട്.

Exit mobile version