loginkerala breaking-news ഹൈക്കോടതി ശനിയാഴ്ച സിനിമ കാണും; ജെഎസ്‌കെ വിവാദം നേരിട്ട് പരിശോധിക്കും
breaking-news news

ഹൈക്കോടതി ശനിയാഴ്ച സിനിമ കാണും; ജെഎസ്‌കെ വിവാദം നേരിട്ട് പരിശോധിക്കും

കൊച്ചി: വിവാദം രൂക്ഷമായ സ്ഥിതിയിൽ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചു. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുത്തത്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കും. സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയത്. ഇക്കാര്യങ്ങൾ നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാമനുമതി നിഷേധിച്ചത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അനുപമ പരമേശ്വരന്‍ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഷ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, നിഷ്താര്‍ സേത്ത്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍, ജോസ് ചെങ്ങന്നൂര്‍, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍

Exit mobile version