കൊച്ചി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി നടി ഗായത്രി അരുൺ. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തട്ടിപ്പിനായി തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്ന് നടി ആരോപിച്ചു. 300-ഓളം കുട്ടികൾ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിച്ചതായി നടി വ്യക്തമാക്കി. നിയമവഴി തേടാൻ തട്ടിപ്പിനിരയായ വിദ്യാർഥികളോട് നടി ആവശ്യപ്പെട്ടു.
‘എന്റെ ചിത്രം ഉപയോഗിച്ചുള്ള തട്ടിപ്പ് സംബന്ധിച്ച് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 2024 സെപ്റ്റംബറിൽ കൊച്ചിയിലെ ഒരു ഓൺലൈൻ വിദ്യാഭ്യാസസ്ഥാപനം ഉദ്ഘാടനം ചെയ്തിരുന്നു. ഫീസ് അടച്ച പല വിദ്യാർഥികൾക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജസ്ഥാപനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക’, എന്ന കുറിപ്പോടാണ് വീഡിയോ. ഏതാണ് സ്ഥാപനമെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.
‘വളരെ പ്രധാനപ്പെട്ട ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അറിയിക്കാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ. 2024 സെപ്റ്റംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകൾ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീൻഷോട്ട് ഉൾപ്പെടെ എനിക്ക് അയച്ചു തരുന്നുണ്ട്’, നടി പറഞ്ഞു.
‘എന്റെ ഫോട്ടോ ആണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്‌സാപ്പിൽ എന്റെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്റെ കൂടെ അന്ന് ഉദ്ഘാടനത്തിൽ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ എല്ലാ വിവരങ്ങളുംവെച്ച് വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികൾ എടുത്തുകൊള്ളാമെന്ന് എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്’- ഗായത്രി അരുൺ വ്യക്തമാക്കി.
