ചണ്ഡീഗഡ്: പ്രശസ്ത മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ്ങിന്റെ മരണത്തിന് കാരണമായ അപകടത്തിൽ വാഹനമോടിച്ചയാൾ കർതാർപൂരിൽ അറസ്റ്റിലായി. കാനഡയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാരനായ അമൃത്പാൽ സിംഗ് ധില്ലനെയാണ് ചൊവ്വാഴ്ച രാത്രി പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തതു.
പഞ്ചാബിലെ ജലന്ധർ ജില്ലയിൽ 114 വയസ്സുള്ള ഫൗജ സിംഗിന്റെ മരണത്തിന് കാരണമായ ടൊയോട്ട ഫോർച്യൂണർ ഓടിച്ചത് താനാണെന്ന് 30 വയസ്സുകാരനായ അമൃത്പാൽ സിംഗ് ധില്ലൻ സമ്മതിച്ചു. സംഭവം നടന്ന് 30 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത വാഹനം, രണ്ട് വർഷം മുമ്പ് റുർഹാംപൂരിലെ രവീന്ദ്ര സിങ്ങിൽ നിന്ന് ധില്ലൻ വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജലന്ധർ-പത്താൻകോട്ട് ഹൈവേയിൽ തന്റെ ഗ്രാമത്തിന് സമീപം നടക്കുമ്പോഴാണ് സിംഗ് അപകടത്തിൽപ്പെടുന്നത്. വൈകുന്നേരത്തോടെ അദ്ദേഹം മരിച്ചു.ചോദ്യം ചെയ്യലിൽ ധില്ലൻ തന്റെ ഫോൺ വിറ്റ ശേഷം ഭോഗ്പൂരിൽ നിന്ന് മടങ്ങുമ്പോൾ വാഹനം സിംഗിനെ ഇടിച്ചു തെറിപ്പിച്ചതായി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
കൂട്ടിയിടിയുടെ ആഘാതത്തിൽ സിംഗ് ഏകദേശം ഏഴു അടി വരെ ഉയരത്തിൽ വായുവിലേക്ക് തെറിച്ചുവീണുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടസ്ഥലം സിങ്ങിന്റെ വീട്ടിൽ നിന്ന് കഷ്ടിച്ച് 400 മീറ്റർ മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 281 (അശ്രദ്ധമായി വാഹനമോടിക്കുകയോ പൊതുവഴിയിൽ വാഹനമോടിക്കുകയോ ചെയ്യുക), സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ) എന്നിവ പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞതു പ്രതിയെ പിടികൂടാൻ സഹായകമായി. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ടൊയോട്ട ഫോർച്യൂണറാണിത്. അപകടസ്ഥലത്ത് നിന്ന് വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ എന്നറിയപ്പെടുന്ന സിംഗ്, പ്രതിരോധശേഷിയുടെയും ശാരീരികക്ഷമതയുടെയും ആഗോള പ്രതീകമായി മാറിയിരുന്നു. 1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം. ഫൗജ സിംഗിന്റെ ആദ്യ മാരത്തൺ മത്സരം 89-ാം വയസിലായിരുന്നു. 2013ൽ നടന്ന ഹോങ്കോങ്ങ് മാരത്തണായിരുന്നു അവസാന മത്സരം
Leave feedback about this