Trending

പാമ്പുകളെ പേടിച്ച് പൊയ്ക്കാലില്‍ നടക്കുന്ന മനുഷ്യരുണ്ട് എത്യോപ്യയില്‍..!

പൊയ്ക്കാലില്‍ നടക്കുന്ന മനുഷ്യരെ സര്‍ക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാല്‍, നൂറ്റാണ്ടുകളായി പൊയ്ക്കാലില്‍ നടക്കുന്ന ഒരു ജനവിഭാഗത്തെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ.. അങ്ങനെയൊരു ജനവിഭാഗമുണ്ട്, എത്യോപ്യയില്‍! എത്യോപ്യയിലെ ബന്ന ഗോത്രവിഭാഗമാണ് പത്തടിയോളം ഉയരമുള്ള രണ്ടു കന്പില്‍ ചവിട്ടി നടക്കുന്നത്. ആര്‍ക്കും അപ്രായോഗികമായി തോന്നിയേക്കാവുന്ന, ലോകം മുഴുവന്‍ കൗതുകത്തോടെ നോക്കുന്ന പൊയ്ക്കാല്‍നടത്തം (സ്റ്റില്‍റ്റ് വാക്കിംഗ്) ബന്നക്കാരെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ ജീവിതചര്യ മാത്രമാണ്.

വിഷമുള്ള പാമ്പുകളില്‍നിന്നു സ്വയം പരിരക്ഷ നേടാന്‍ ബന്ന ഗോത്രക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളുടെ ഭാഗമാണ് പൊയ്ക്കാല്‍നടത്തം- എന്ന അടിക്കുറിപ്പോടെ അടുത്തിടെ എക്‌സില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വന്‍ തരംഗമായി മാറിയിരുന്നു. നിരപ്പായ റോഡിലൂടെ മാത്രമല്ല, കുന്നുകളിലൂടെയും പാറക്കെട്ടുകളിലൂടെയും ബന്ന യുവാക്കള്‍ പൊയ്ക്കാലില്‍ നടന്നുപോകുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്. യാതൊരുവിധ സങ്കോചവുമില്ലാതെ, എളുപ്പത്തില്‍ പാറക്കെട്ടുകളും കുന്നുകളും അവര്‍ കയറിയിറങ്ങുന്നു.

ടെയ്ല്‍സ് ഓഫ് ആഫ്രിക്ക എന്ന വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ബന്ന ഗോത്രക്കാര്‍ക്കിടയിലെ ”സ്റ്റില്‍റ്റ് വാക്കിംഗ്’-ന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. അതവരുടെ സാംസ്‌കാരിക സ്വത്വത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ചരിത്രപരമായി, സ്റ്റില്‍റ്റുകള്‍ പ്രായോഗികവും ആത്മീയവുമായ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നു. പ്രായോഗികമായി, ചതുപ്പുനിലങ്ങളിലൂടെ സഞ്ചരിക്കാനും നദികള്‍ മുറിച്ചുകടക്കാനും ചെളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ അനായാസം സഞ്ചരിക്കാനും സ്റ്റില്‍റ്റ് ഉപയോഗിക്കുന്നു.

പ്രഗത്ഭനായ പൊയ്ക്കാല്‍നടത്തക്കാരന്‍ ആകണമെങ്കില്‍ വര്‍ഷങ്ങളുടെ അര്‍പ്പണബോധവും പരിശീലനവും ശാരീരികക്ഷമതയും ആവശ്യമാണ്. വെറും നടത്തത്തിനപ്പുറം, ബന്നക്കാര്‍ സ്റ്റില്‍റ്റ് നടത്തത്തെ ഒരു കലാരൂപത്തിലേക്കുയര്‍ത്തി. പൊയ്ക്കാലില്‍ നൃത്തം ചെയ്യാന്‍ അവര്‍ക്കു കഴിയും. ഉയരത്തല്‍ തൊഴിക്കാനും ചാടാനും അവര്‍ക്കു കഴിയുന്നു. സ്റ്റില്‍റ്റ് നടത്തത്തിനുമുന്പ് കണങ്കാലിനു ചുറ്റും മണികള്‍ ധരിക്കുന്നു, അവര്‍ നീങ്ങുമ്പോള്‍ ദൃശ്യപരവും ശ്രവണപരവുമായ അനുഭവമാണു മറ്റുള്ളവര്‍ക്കുണ്ടാകുന്നത്.

പാരന്പര്യങ്ങളിലും ആചാരനുഷ്ഠാനങ്ങളിലും വ്യത്യസ്തതയുള്ള ബന്നാഗോത്രം കാക്കോ ടൗണിന് സമീപമുള്ള ചാരി പര്‍വതത്തിനു ചുറ്റുമുള്ള പ്രദേശത്തും ഡിമേക്കയ്ക്ക് സമീപമുള്ള ഒരു സവന്ന പ്രദേശത്തും വസിക്കുന്ന കാര്‍ഷിക ജനതയാണ്. തേനീച്ചകളെ വളര്‍ത്തലില്‍ പേരുകേട്ടവരാണു ബന്നക്കാര്‍. പശു, ആട് വളര്‍ത്തലും ഇവരുടെ ജീവനോപാധിയാണ്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video