ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഇന്നലെ വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ മീഡിയയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് എമ്പുരാന്റെ ടീസറിന് ആരാധകര്‍ നല്‍കിയത്. സുബാസ്കരന്റെ ലെയ്ക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണ്, 2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍.
എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം.