കാസർഗോഡ്: പിലിക്കോട് പുത്തിലോട്ട് എ.യു.പി. സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. യു.ഡി.എഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളിൽ വാക്കുതർക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാര്യർ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.
സ്ഥാനാർത്ഥിയുടെ ഇടപെടൽ ബൂത്തിനുള്ളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും കാരണമായി. സംഭവത്തെ തുടർന്ന് എൽ.ഡി.എഫ്. പ്രവർത്തകരും മറ്റ് ഏജന്റുമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എൽ ഡി എഫ് പ്രവർത്തകർ ആരോപിച്ചു.
